55 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ മലപ്പുറം സ്വദേശി പിടിയില്‍

55 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. തണലൂര്‍ സ്വദേശിയായ കുന്നുമ്മല്‍ മുഹമ്മദ് നബീലാണ് അറസ്റ്റിലായത്. നാലു ക്യാപ്‌സുളുകളായി സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്ന ശ്രമം.

വിപണിയില്‍ ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട നടന്നിരുന്നു. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നും ജിദ്ദയില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പേനയുടെ റീഫിലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

മലപ്പുറം കെപുരം സ്വദേശി വെള്ളാടത്ത് ഷിഹാബ്, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ്, കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേല്‍ അന്‍സില്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായത്.

ഒരാഴ്ച മുമ്പ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയില്‍ നിന്നും കസ്റ്റംസ് പിടികൂടിയിരുന്നു. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.