മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവിന് നാടിന്റെ ആദരം നിറഞ്ഞ യാത്രാമൊഴി

മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവിന് നാടിന്റെ ആദരം നിറഞ്ഞ യാത്രാമൊഴി

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവിന് നാടിന്റെ ആദരം നിറഞ്ഞ യാത്രാമൊഴി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാന്‍ പതിനായിരങ്ങളാണ് ചങ്ങനാശേരിയിലെത്തിയത്.

സഭാ പിതാക്കന്‍മാരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖര്‍ പിതാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങിയത്.

ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉള്‍പ്പെടെ അന്‍പതോളം ബിഷപ്പുമാരും അതിരൂപതയ്ക്കകത്തും പുറത്തു നിന്നുമുള്ള നൂറുകണക്കിനു വൈദികരും സഹകാര്‍മികരായി.



സീറോ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ലത്തീന്‍ സഭാ പ്രതിനിധി കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി അയച്ച അനുശോചന സന്ദേശം ബിഷപ്പ് മാര്‍ തോമസ് പാടിയത്ത് വായിച്ചു. ചെമ്പ് പട്ടയില്‍ കൊത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു വച്ച മാര്‍ പൗവ്വത്തിലിന്റെ ജീവിതരേഖ ഭൗതിക ശരീരത്തോടൊപ്പം പെട്ടിയില്‍ അടക്കം ചെയ്തു.

മെത്രാപ്പോലീത്തന്‍ പള്ളിയോടു ചേര്‍ന്നുള്ള മര്‍ത്ത മറിയം കബറിട പള്ളിയിലെ മുന്‍ ആര്‍ച്ച് ബിഷപ്പ് ദൈവദാസന്‍ മാര്‍ കാവുകാട്ട് ഉള്‍പ്പെടെയുള്ള അഭിവന്ദ്യരായ മെത്രാന്മാരുടെ കബറിടത്തോടു ചേര്‍ന്നാണ് മാര്‍ പൗവ്വത്തില്‍ പിതാവിന്റെ ഭൗതിക ശരീരം അടക്കം ചെയ്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.