സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം: തൃശൂരില്‍ മൂന്ന് മരണം; പുതുതായി 210 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം: തൃശൂരില്‍ മൂന്ന് മരണം; പുതുതായി 210 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: ഏതാനും മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടുന്നു. തൃശൂരില്‍ മൂന്ന് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

പുതുതായി 210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ എറണാകുളത്താണ്. 50 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരത്തായിരുന്നു.

അതിനിടെ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് കോവിഡ് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മാസ്‌ക് ധരിക്കണം. മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി.

ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു വെന്റിലേറ്ററുകള്‍ കോവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശമുണ്ട്.

ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. പുതിയ വകഭേദം വന്നിട്ടുണ്ടോ എന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും.

കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. ജനങ്ങള്‍ കോവിഡ് മാനദണ്ഡം പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധന നല്‍കണമെന്നും ലാബ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജീനോം സീക്വന്‍സിങ് അടക്കമുള്ള നടപടികള്‍ വര്‍ധിപ്പിക്കണം. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ 1134 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം സജീവ രോഗികളുടെ എണ്ണം 7026 ആയി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.