"സീറോ മലബാർ സഭയുടെ ഉറങ്ങാത്ത കാവൽക്കാരനായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ": കർദിനാൾ മാർ ജോർജ് ആലഞ്ചേരി


ചങ്ങനാശേരി: ആദര്‍ശനിഷ്ഠയോടെയും കര്‍മ്മ ധീരതയോടെയും സഭയേയും സമൂഹത്തെയും നയിച്ച മനുഷ്യ സ്‌നേഹിയാണ് കാലം ചെയ്ത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പിതാവിന്റെ മരണത്തോടെ, സഭയിലും സമൂഹത്തിലും ഒരു കാലഘട്ടം തന്നെ മാറിപ്പോയിരിക്കുകയാണ്. സഭൈക്യ ലക്ഷ്യത്തോടെ പൗവ്വത്തില്‍ പിതാവ് ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ എല്ലാ സഭകളും എക്കാലവും സ്മരിക്കുമെന്നതിന് സംശയമില്ല. മതസൗഹാര്‍ദത്തിന് പിതാവ് നല്‍കിയിട്ടുള്ള സംഭാവനകള്‍ കേരളം വിസ്മരിക്കില്ലെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.

കാലം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവിന്റെ കബറടക്ക ശുശ്രൂഷയുടെ ഭാഗമായി അര്‍പ്പിച്ച ദിവ്യബലി മധ്യേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം:-

നിത്യസമ്മാനത്തിനായി വലിയ പിതാവ് സ്വര്‍ഗീയ പിതാവിന്റെ പക്കല്‍ എത്തിയിരിക്കുകയാണ്. 1930 ല്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തിരുനാളിന് തലേന്നാള്‍ ഓഗസ്റ്റ് 14ന് ജനനം. 2023 ല്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് തലേന്നാള്‍ മരണം. രണ്ട് തലേ നാളുകളിലുംകൂടി പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും മാധ്യസ്ഥത്തിലായിരുന്നു അഭിവന്ദ്യ പിതാവിന്റെ ജീവിതവും മരണവും.

''അവന്‍ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല, മുറിക്കുകയില്ല. മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്ഥതയോടെ നീതി പുലര്‍ത്തും.'' രക്ഷകനായ മിശിഹായെ മുന്നില്‍ കണ്ട് പ്രവാചകനായ ഏശയ്യ പറഞ്ഞ ഈ വാക്കുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. കര്‍ത്താവിന്റെ പാത പിന്തുടരുന്ന ഏവര്‍ക്കും ഇതിലേയാണ് സഞ്ചരിക്കാനുള്ളത്.

ആര്‍ച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ ജീവിതം അതിന്റെ ആകെത്തുകയില്‍ ദൈവത്തിന്റെ നീതി സംസ്ഥാപിക്കാനുള്ള അക്ഷീണ യജ്ഞമായിരുന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും ഇതിനായി അദ്ദേഹം കര്‍മ്മ നിരതനുമായിരുന്നു. ദൈവാരാധന, ദൈവിക സന്ദേശത്തിന്റെ പ്രഘോഷണം, സഭാ നിയമങ്ങളുടെ അനുവര്‍ത്തനം, ജന സേവനത്തിനുള്ള പ്രതിബദ്ധത, സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടം, പാവപ്പെട്ടവരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക സ്‌നേഹവും കരുണയും - ഇവയെല്ലാം പൗവ്വത്തില്‍ പിതാവിന്റെ ജീവിത നിഷ്ഠകളായിരുന്നു.

ആദര്‍ശ ധീരനും കര്‍മനിരതനുമായിരുന്നു ജോസഫ് പൗവ്വത്തില്‍ പിതാവ്. താന്‍ ഉള്‍പ്പെടുന്ന സീറോ മലബാര്‍ സഭയുടെ തനതായ വ്യക്തിത്വം പൂര്‍ണമായി പുനസ്ഥാപിക്കപ്പെടേണ്ടതുണ്ട്, അതിന്റെ ആരാധനാക്രമ ഭദ്രത സംരക്ഷിക്കപ്പെടേണ്ടതുണ്ട്, ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലികളില്‍ നിന്ന് വിട്ടുപോകാതെ കാത്ത് സൂക്ഷിക്കേണ്ടതുണ്ട്, ദളിത് സമൂഹങ്ങള്‍ക്ക് ഇതര സമൂഹങ്ങള്‍ക്കൊപ്പം തുല്യതയും പരിഗണനയും ലഭിക്കേണ്ടതുണ്ട്, വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഭരണഘടനാപരമായ സംരക്ഷണം ലംഘിക്കപ്പെടാന്‍ പാടില്ല, ഇത്തരം ലക്ഷ്യങ്ങളില്‍ ഊന്നി നിന്നുകൊണ്ടാണ് ജോസഫ് പൗവ്വത്തില്‍ പിതാവ് വൈദികനെന്ന നിലയിലും മെത്രാനെന്ന നിലയിലും തന്റെ ശുശ്രൂഷകള്‍ നിര്‍വഹിച്ചത്. അതിനായി അദ്ദേഹം വിശുദ്ധ പൗലോസ് ശ്ലീഹായെപ്പോലെ നൈവേദ്യമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു.

മലയിലെ പ്രസംഗം അവസാനിച്ചപ്പോള്‍ ജനാവലി ഈശോയുടെ പ്രബോധനത്തെക്കുറിച്ച് വിസ്മയിച്ചു. അവരുടെ നിയമജ്ഞരേപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചതെന്ന് ജനം പ്രതികരിച്ചു. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും സമാനതകളില്ലാത്ത വൈദിക ശ്രേഷഠനായിരുന്നു പൗവ്വത്തില്‍ പിതാവ്. വിസ്മയകരമായ പാണ്ഡിത്യവും അതിശയിപ്പിക്കുന്ന വാക്ചാതുരിയും കര്‍മ്മ ധീരതയും സഹാനുഭൂതിയും കാരുണ്യവും പൗവ്വത്തില്‍ പിതാവിന്റെ ജീവിത ശൈലിയുടെ മുഖമുദ്രകളായിരുന്നു. അദ്ദേഹം നല്ല ഓട്ടം ഓടി തന്റെ ഓട്ടം പൂര്‍ത്തിയാക്കിയെന്ന് വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളില്‍ നമുക്ക് പറയാന്‍ സാധിക്കും. കാലം ചെയ്തു എന്ന പദപ്രയോഗം ജോസഫ് പൗവ്വത്തില്‍ പിതാവിന്റെ കാര്യത്തില്‍ പൂര്‍ണമായും അര്‍ത്ഥവത്താണ്. ഏകദേശം അതേപോലെ മരണത്തോടെ ഒരു കാലഘട്ടം കടന്നുപോകുന്ന പ്രതീതിയാണ് നമുക്ക് ഉണ്ടാകുന്നത്.

എനിക്ക് ജീവിതം സഭയാണെന്ന് പിതാവ് പറഞ്ഞിരുന്നു. തന്നെ ചങ്ങനാശേരി അതിരൂപതയുടെ മേലധ്യക്ഷനായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നിയമിച്ചപ്പോള്‍ പാപ്പായ്‌ക്കെഴുതിയ മറുപടിക്കത്തിലാണ് പൗവ്വത്തില്‍ പിതാവ് ഈ ചിന്ത ആദ്യം രേഖപ്പെടുത്തിയത്. ഈ ദര്‍ശനം വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം മുഴുവനും. ക്രിസ്തു കേന്ദ്രീകൃതമായി ക്രൈസ്തവ വിശ്വാസത്തെ നിരാകരിച്ചുകൊണ്ടല്ല പൗവ്വത്തില്‍ പിതാവ് ഇങ്ങനെ പറയുന്നത്. ക്രിസ്തുവിലും ക്രിസ്തുവിനോട് കൂടിയും ക്രിസ്തുവില്‍ തന്നെയും ജീവിതത്തിന്റെ സാക്ഷാത്കാരം സഭയിലൂടെയാണെന്ന ബോധ്യമാണ് പിതാവ് സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത്. സഭാസ്‌നേഹം ക്രിസ്തുവിനോടുള്ള സ്‌നേഹം തന്നെയാണ്. സഭാജീവിതം ക്രിസ്തുവിനോടു കൂടെയുള്ള ജീവിതമാണെന്ന് തന്റെ പുസ്തകങ്ങളിലൂടെ പിതാവ് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

വിദ്യാഭ്യാസവും സാമൂഹിക നീതിയും സംബന്ധിച്ച ദര്‍ശനങ്ങള്‍ മറ്റ് ഗ്രന്ഥങ്ങളിലൂടെയും ഇതര രചനകളിലൂടെയും വിശദീകരിക്കുന്നുണ്ട്. ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച നാളേക്കുവേണ്ടി മതം രാഷ്ട്രം രാഷ്ട്രീയം എന്ന ഗ്രന്ഥം തലമുറകള്‍ക്കു തന്നെ മാര്‍ഗദര്‍ശനം നല്‍കുന്നതാണ്. ഇപ്രകാരം ആധികാരികമായ സഭാദര്‍ശനത്തില്‍ അടിസ്ഥാനമിട്ടുകൊണ്ടാണ് പൗവ്വത്തില്‍ പിതാവ് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയില്‍ ശുശ്രൂഷ ചെയ്തത്. രൂപതയിലെ ദൈവജനത്തിന്റെ രൂപവും ഭാവവും ഈ ദര്‍ശനത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ്. അവിടെയും ചങ്ങനാശേരി അതിരൂപതയിലും ഈ സഭാദര്‍ശനത്തില്‍ വൈദികരെയും സമര്‍പ്പിതരെയും അത്മായ പ്രേക്ഷിതരെയും പരിശീലിപ്പിക്കുന്നതില്‍ പിതാവ് ബദ്ധശ്രദ്ധനായിരുന്നു.

സെമിനാരി വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഈ ശ്രദ്ധ നിരന്തരം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളിലെ വൈദിക വിദ്യാര്‍ഥികള്‍ക്കും വൈദികര്‍ക്കും പൗവ്വത്തില്‍ പിതാവിനോടുള്ള ഹൃദയബന്ധം അന്യാദൃശമാണ്. ഇപ്രകാരമുള്ള ബന്ധത്തിലും പിതാവിന്റെ സഭാദര്‍ശനത്തിലും വൈദിക ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ എനിക്കും പങ്കുപറ്റാന്‍ സാധിച്ചിട്ടുണ്ട്. പിതാവിനോടൊപ്പം സെക്രട്ടറിയായും പിന്നീട് വികാരി ജനറാളായും പ്രവര്‍ത്തിച്ചതിന്റെ നല്ല ഓര്‍മകള്‍ മനസില്‍ തളംകെട്ടി നില്‍ക്കുന്നു.

തക്കല രൂപതയുടെ പ്രഥമ മെത്രാനായി എന്നെ അഭിഷേകിച്ചതും പിതാവു തന്നെയാണ്. കന്യാകുമാരി മിഷനെ രൂപതയാക്കുന്നതില്‍ പിതാവെടുത്ത പരിശ്രമങ്ങള്‍ ബഹുമാന ആദരവുകളോടെ അനുസ്മരിക്കുന്നു. ആ രൂപതയുടെ വളര്‍ച്ചയ്ക്ക് ഞാന്‍ ശുശ്രൂഷ ചെയ്ത കാലത്തും ഇപ്പോഴത്തെ മെത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ കാലത്തും പൗവ്വത്തില്‍ പിതാവ് നല്‍കിയ സംഭാവനകള്‍ അതീവ കൃതജ്ഞതയോടെ അനുസ്മരിക്കുന്നു. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളില്‍ പിന്നീടു വന്ന പിതാക്കന്മാരും പൗവ്വത്തില്‍ പിതാവ് നല്‍കിയ ദര്‍ശനങ്ങളും അജപാലന വീക്ഷണങ്ങളും സ്വീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുവഴി സീറോ മലബാര്‍ സഭയുടെ കൂട്ടായ്മ ശക്തിപ്പെടുവാന്‍ ഇടയാകുന്നുമുണ്ട്. തന്റെ സംരക്ഷണത്തിന് ഏല്‍പ്പിക്കപ്പെട്ടിരുന്ന അജഗണത്തിന്റെ നല്ല നായകനും നല്ല ഇടയനുമായി അത്യധ്വാനം ചെയ്ത പൗവ്വത്തില്‍ പിതാവിനെ സഭയുടെ മോശ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സംഭാവനകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് എക്യുമെനിസം അഥവാ സഭൈക്യപ്രസ്ഥാനം. സഭകളുടെ പൂര്‍ണമായ ഐക്യം സംജാതമായിട്ടില്ലെങ്കില്‍ത്തന്നെയും ഐക്യത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ സഭകള്‍ വളരെയേറെ കൂട്ടായ്മാബോധത്തില്‍ എത്തിയിട്ടുണ്ട്. സഭൈക്യ ലക്ഷ്യത്തോടെ പൗവ്വത്തില്‍ പിതാവ് ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ എല്ലാ സഭകളും എക്കാലവും സ്മരിക്കുമെന്നതിന് സംശയമില്ല. ഈ വിഷയത്തിലും സഭകള്‍ക്കെല്ലാം മാര്‍ഗ ദര്‍ശനം നല്‍കാന്‍ പൗവ്വത്തില്‍ പിതാവിനു കഴിഞ്ഞു.

ഇതര സഭകളിലെ പിതാക്കന്മാരുമായി പൗവ്വത്തില്‍ പിതാവിന് ആഴമേറിയ സ്‌നേഹബന്ധമുണ്ടായിരുന്നു. നിലയ്ക്കലിലെ പ്രസ്ഥാനം ഇപ്രകാരം രൂപം കൊണ്ട ഒരു സഭൈക്യ സംരംഭമാണ്. വിദ്യാഭ്യാസ സാമൂഹ്യ വിഷയങ്ങളിലും ക്രൈസ്തവ സഭകളെല്ലാം തന്നെ പിതാവിനെ ഒരു നല്ല നിയന്താവിനെപ്പോലെ നോക്കിക്കണ്ടിരുന്നു. പൗവ്വത്തില്‍ പിതാവും മാര്‍ത്തോമാ സഭയുടെ കാലം ചെയ്ത വലിയ മെത്രാപ്പോലീത്ത ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയും തമ്മില്‍ പുലര്‍ത്തിയ സൗഹൃദവും ആശയ വിനിമയങ്ങളും ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. ഇതിനു സമാനമായിരുന്നു ഇതര മത നേതാക്കന്മാരോടും വിശ്വാസികളോടും സമുദായ നേതാക്കന്മാരോടും സമുദായ അംഗങ്ങളോടും പൗവ്വത്തില്‍ പിതാവിനുണ്ടായിരുന്ന സമീപനം.

മതസൗഹാര്‍ദത്തിന് പുകള്‍പെട്ട ചങ്ങനാശേരിയില്‍ വളരെ ശക്തമായ നേതൃത്വം ഇതര സമുദായ നേതാക്കന്മാര്‍ക്കൊപ്പം നല്‍കാന്‍ പിതാവിനു സാധിച്ചു. ദൈവം നല്‍കുന്ന താലന്തുകള്‍ വര്‍ദ്ധിപ്പിക്കുന്നവരെ കൂടുതല്‍ ഉത്തരവാദിത്വങ്ങളിലേക്ക് അവിടുന്ന് നിയമിക്കും എന്നത് പിതാവിന്റെ ജീവിതത്തില്‍ തികച്ചും അന്വര്‍ത്ഥമാണ്. ദൈവം നല്‍കിയ എല്ലാ കഴിവുകളും വരങ്ങളും ദാനങ്ങളും വികസിപ്പിച്ച് തന്റെ പുണ്യ പൂര്‍ണതയ്ക്കും ദൈവജനത്തിന്റെ നന്മയ്ക്കുമായി നിരന്തരം വിനിയോഗിച്ചുകൊണ്ട് ദൈവസന്നിധിയില്‍ നിന്ന് നിത്യ സമ്മാനത്തിനുള്ള യോഗ്യത നേടിയാണ് പൗവ്വത്തില്‍ പിതാവ് യാത്രയായിരിക്കുന്നത്.

അജഗണത്തെക്കുറിച്ചുള്ള ജാഗരൂകത, ഉറങ്ങാത്ത കാവല്‍ക്കാരനെപ്പോലെ പ്രായോഗികമാക്കിക്കൊണ്ട് അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലപാടുകള്‍ എടുക്കാനും പ്രതികരിക്കാനും പിതാവ് പരിശ്രമിച്ചിരുന്നു. സഭയിലേയും സമൂഹത്തിലേയും പ്രശ്‌ന സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ പിതാവിന്റെ ശബ്ദത്തിനായി ജനവും ജനനേതാക്കളും കാതോര്‍ത്തിരുന്നു. അതീവ നേതൃത്വ പാടവത്തോടെയാണ് കെസിബിസിയുടെ പ്രസിഡന്റ് എന്ന നിലയിലും സിബിസിഐ യുടെ പ്രസിഡന്റ് എന്ന നിലയിലും ഇന്റര്‍ കൗണ്‍സില്‍ ചര്‍ച്ച് ഫോര്‍ എഡ്യൂക്കേഷന്റെ ചെയര്‍മാനെന്ന നിലയിലും പിതാവ് പ്രവര്‍ത്തിച്ചിരുന്നത്. 92-ാമത്തെ വയസില്‍ മരണം പ്രാപിച്ച പൗവ്വത്തില്‍ പിതാവ് അവസാന നിമിഷം വരെയും പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു. പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ അദ്ദേഹത്തില്‍ ബാഹ്യ മനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരുന്നപ്പോള്‍ ആന്തരിക മനുഷ്യന്‍ ശക്തി പ്രാപിച്ചിരുന്നു.- കര്‍ദിനാളിന്റെ പ്രഭാഷണം അവസാനിക്കുന്നു.

ദിവ്യബലിക്ക് ആലഞ്ചേരി പിതാവ് മുഖ്യ കാര്‍മികത്വം വഹിച്ചു. സീറോ മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമിസ് ബാവ, കെആര്‍എല്‍സിബിസി ചെയര്‍മാന്‍ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ സഹകാര്‍മികരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.