കൊച്ചി: ഇന്‍കം ടാക്‌സും (ഐ.ടി) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെ വിടാതെ പിന്തുടരുന്നതില്‍ അസ്വസ്ഥരായി കേരളത്തിലെ രാഷ്ട്രീയ, ചലച്ചിത്ര മേഖല.
ഫാരിസിനെ ചുറ്റിപ്പറ്റിയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കേരളത്തിനകത്തും പുറത്തുമുള്ള വമ്പന്‍ ഭൂമാഫിയയിലേക്ക് നീളുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള രാഷ്ട്രീയ-ചലച്ചിത്ര മേഖലയിലെ പ്രമുഖരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്.
ഇതുമായി ബന്ധപ്പെട്ടാണ് ഫാരിസ് അബൂബക്കറിന്റെ ബിനാമി ഇടപാടുകളില്‍ ഇന്‍കം ടാക്‌സിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗ പ്രവേശം ചെയ്തത്.
പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഫാരിസിന്റെ ബിനാമി കമ്പനികള്‍ വഴി കേരളത്തിനകത്തും പുറത്തും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കും മുന്‍പേ പ്രദേശത്തെ തണ്ണീര്‍ത്തട ഭൂമികള്‍ വാങ്ങിക്കൂട്ടുകയും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരം മാറ്റുകയുമാണ് ഫാരിസിന്റെ ഭൂമിക്കച്ചവട ശൈലി.
സാധാരണക്കാരന്‍ കിടപ്പാടത്തിനായി നാല് സെന്റ് തരം മാറ്റാന്‍ ശ്രമിച്ചാല്‍ നടക്കാത്ത സംസ്ഥാനത്താണ് ഫാരിസ് അബൂബക്കറിന്റെയും കൂട്ടാളികളുടെയും അനധികൃത ഭൂമിക്കച്ചവടത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ വരെ കൈയ്യൊപ്പ് ചാര്‍ത്തി കൊടുക്കുന്നത്.
ഇയാളുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ടി.ഡി.എസ്. (ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്സ്) രേഖകള്‍ പരിശോധിച്ചതിലാണ് വലിയ തോതില്‍ ക്രമക്കേട് കണ്ടെത്തിയത്. ഫാരിസ് അബൂബക്കറിന് നിക്ഷേപമുള്ള ചെറുതും വലുതുമായ തൊണ്ണൂറോളം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയതായാണ് ഇന്‍കം ടാക്‌സിന് ലഭിച്ചിരിക്കുന്ന വിവരം.
ഇന്‍കം ടാക്‌സ് ചെന്നൈ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റാണ് ഫാരിസിന്റെ കേസ് അന്വേഷിക്കുന്നത്. കൊച്ചി, കോഴിക്കോട് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസുകളെയും അന്വേഷണ സഹായത്തിന് നിയോഗിച്ചിട്ടുണ്ട്. ഫാരിസ് അബൂബക്കറിന് ഇന്‍കംടാക്‌സ് അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ലെന്നാണ് സൂചന.
കേരളത്തില്‍ റെയ്ഡ് തുടങ്ങുന്നതിന് മുന്‍പാണ് ഫാരിസ് അബൂബക്കറിന് ഇ-മെയില്‍ മുഖേന ഇന്‍കം ടാക്‌സ് സമന്‍സ് അയച്ചത്. എന്നാല്‍ ഫാരിസ് ലണ്ടനിലാണെന്ന വിവരമാണ് ലഭിച്ചത്. രണ്ടാമതും സമന്‍സ് അയക്കാനാണ് നീക്കം.
റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ കള്ളപ്പണ ഇടപാടുകള്‍ ഉറപ്പിച്ചതിനാല്‍ ഇ.ഡി ചെന്നൈ യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്യും. വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനം നടന്നിട്ടുണ്ടോയെന്നും ഇ.ഡി. പരിശോധിക്കും.
അതിനിടെ ഫാരിസ് അബൂബക്കറിന്റെ പ്രധാന ഇടനിലക്കാരനായ കണ്ണൂര്‍ സ്വദേശിയുടെ കൊച്ചിയിലെ ഫ്‌ളാറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. കണ്ണൂര്‍ പിലാക്കണ്ടി സ്വദേശി നജീം അഹമ്മദിന്റെ കൊച്ചി ചിലവന്നൂരുള്ള ഫ്‌ളാറ്റാണ് കണ്ടുകെട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.