പ്രവാസികളെ സഭയുടെ പാരമ്പര്യങ്ങളിൽ വളർത്താൻ ആഗ്രഹിച്ച നല്ല ഇടയൻ

പ്രവാസികളെ സഭയുടെ പാരമ്പര്യങ്ങളിൽ വളർത്താൻ ആഗ്രഹിച്ച നല്ല ഇടയൻ

ഫാ. റ്റെജി പുതുവീട്ടിൽക്കളം ഡയറക്ടർ പ്രവാസി അപ്പോസ്തലേറ്റ്


ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികൾക്ക് ആദ്യകാലങ്ങളിൽ മാർത്തോമാ നസ്രാണികളുടെ പൈതൃകവും ആരാധന രീതികളും വിശ്വാസപരിശീലനവും പിന്തുടരാനുള്ള യാതൊരു സാഹചര്യങ്ങളും നേരത്തെ ഉണ്ടായിരുന്നില്ല. സീറോ മലബാർ സഭയ്ക്കുള്ള അധികാര പരിധി അന്ന് വളരെ പരിമിതമായിരുന്നു എന്ന് നമുക്കറിയാം. ആ സാഹചര്യത്തിൽ സിറോ മലബാർ സഭാ മക്കൾ മറ്റേതെങ്കിലും ലഭ്യമായ റീത്തിൽ ചേർന്ന് കാലക്രമേണ മാതൃ സഭയെ മറക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവുമുണ്ടായിരുന്നില്ല. നാലഞ്ച് പതിറ്റാണ്ടുകൾക്കപ്പുറത്ത് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിയ സുറിയാനി കത്തോലിക്കർ ഇന്ന് അവരുടെ സ്വത്വം നഷ്ടപ്പെട്ട് സഹോദര സഭകളുടെ ഭാഗമായിക്കഴിഞ്ഞു.

ഗൾഫ് രാജ്യങ്ങളിലെ സുറിയാനി കത്തോലിക്കരെ സംഘടിപ്പിക്കാനും ഒരുമിച്ച് നിർത്താനും തങ്ങളുടെ പാരമ്പര്യത്തിൽ വളർത്താനും സഹായിച്ചത് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ എന്ന സംഘടനയുടെ ആരംഭത്തോടെയാണ്. 1995 ൽ കുവൈറ്റിലാണ് ആദ്യമായി അൽമായർക്ക് വേണ്ടി എസ് എം സി എ രൂപീകരിക്കപ്പെട്ടത്. എന്നാൽ ഇപ്രകാരം വിപ്ലവകരമായ ഒരു സംഘടന ആരംഭിച്ചത് പ്രാദേശിക സഭാധികാരികളുടെ അതൃപ്തിക്ക് പാത്രമാകുകയും അവർ ഈ സംഘടനയെ നശിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച് കൊണ്ടിരിക്കുകയും ചെയ്തു. അങ്ങനെ ബാലാരിഷ്ടതകളിലൂടെ കടന്നു പോകുന്ന സീറോ മലബാർ അൽമായ സംഘടനക്ക് ജീവവായു ലഭിച്ചത് അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ 1997 ലെ കുവൈറ്റ് സന്ദർശനമായിരുന്നു. പിതാവിന്റെ സന്ദർശനം തടയാൻ അന്നത്തെ കുവൈറ്റിലെ  സഭാധികാരികൾ ശ്രമിച്ചെങ്കിലും പിതാവിന്റെ ചങ്കൂറ്റവും അജഗണങ്ങളോടുള്ളതന്റെ സ്നേഹവും ആ തടസ്സങ്ങളെ തട്ടി മാറ്റി അവിടെ എത്താനും അവർക്കു കൂടുതൽ ഊർജ്ജവും ആവേശവും നൽകാനും പിതാവിന് സാധിച്ചു.

ഉറച്ച ബോധ്യം പകർന്നു കൊണ്ട് കുവൈറ്റിലെ നസ്രാണികളിൽ ആവേശം നിറച്ച ആ സന്ദർശനം ഒരു ചരിത്ര സംഭവമായിരുന്നു. അബ്ബാസിയയിലും മറ്റു മലയാളി പ്രവാസി കേന്ദ്രങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയപ്പോൾ ആ വലിയ പോരാളിയെ കാണുവാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ വഴിയരികിൽ കാത്തു നിന്നിരുന്നു...ചെറിയ ചെറിയ വാക്കുകളിലൂടെ ആഗോള കത്തോലിക്കാ സഭയിൽ സീറോ മലബാർ എന്ന വ്യക്തിസഭയുടെ വ്യതിരിക്തമായ സ്ഥാനത്തെക്കുറിച്ചും ആഗോള സഭ അത് എത്രമാത്രം വിലപ്പെട്ടതായി കാണുന്നുവെന്നും സ്വത്വ ബോധത്തിൽ അടുത്ത തലമുറ വളർന്നില്ലെങ്കിൽ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചും പിതാവ് അവരെ ഉദ്ബോധിപ്പിച്ചു.

പിതാവിന്റെ സന്ദർശനം അന്നത്തെ വികാരി അപ്പൊസ്തോലിക്കയ്ക്ക്  തീരെ സ്വീകാര്യമായിരുന്നില്ലെങ്കിലും പ്രകോപിതനാകാതെ അതിനെ നേരിട്ട്‌ പരിമിതമായ സമയത്തേയ്ക്കാണെങ്കിൽ പോലും ഒരു കൂടിക്കാഴ്ചക്ക് അവസരം ലഭ്യമാക്കിയത് സീറോ മലബാർ സഭയുടെ ചരിത്രത്തിലെ തന്നെ ഒരു വലിയ ചുവടുവയ്പ്പ് ആയിരുന്നു. സീറോ മലബാർ മക്കളുടെ അജപാലന ആവശ്യങ്ങൾ സംബന്ധിച്ച് സഭാ പിതാക്കന്മാരുടെ തലത്തിലെ ആദ്യ ചർച്ച ആയിരുന്നു അത്.

പിതാവിന്റെ ഈ സന്ദർശനവും പ്രോത്സാഹനവും പിന്നീട് ഗൾഫ് നാടുകളിലെല്ലാം ശക്തമായ സീറോ മലബാർ കൾച്ചറൽ അസോസിയേഷനുകൾ ആരംഭിക്കാനും പ്രചോദനമായി. തുടർന്ന്, അഭിവന്ദ്യ പിതാവ് ഖത്തർ സന്ദർശിക്കുകയും അവിടെയുള്ള സീറോ മലബാർ വിശ്വാസികളെ തങ്ങളുടെ സ്വത്വം കാത്തു സൂക്ഷിക്കുന്നതിനായി യത്നിക്കണമെന്നാഹ്വാനം ചെയ്യുകയും ചെയ്തു. തുടർന്ന് ദുബായ് സെ. മേരീസിലും അബുദാബിയിലും പിതാവ് സന്ദർശനം നടത്തി. അഭിവന്ദ്യ പിതാവിന്റെ ഓരോ യാത്രകളും അതാത് സ്ഥലങ്ങളിലെ സീറോ മലബാർ വിശ്വാസികളെ തങ്ങളുടെ പൈതൃകത്തെയും പാരമ്പര്യത്തെയുംകുറിച്ച് ഓർമിപ്പിക്കുകയും സഭയോടൊത്ത് ചിന്തിക്കുവാനും ജീവിക്കുവാനും പ്രചോദിപ്പിക്കുകയും ചെയ്തു.

ഇന്ന് ഗൾഫ് നാടുകളിലെ എല്ലാ രാജ്യങ്ങളിലും സീറോ മലബാർ വിശ്വാസികൾക്ക് അവരുടെ ആരാധനക്രമത്തിൽ വി. കുർബാന അർപ്പിക്കുവാനും കൂദാശകൾ പരികർമ്മം ചെയ്യുവാനും സ്വാതന്ത്ര്യവും സാഹചര്യവും ഉണ്ടായെങ്കിൽ അതിന്റെ പിന്നിൽ പിതാവിന്റെ സന്ദർശനങ്ങളും, ചർച്ചകളും, പ്രാർത്ഥനയും വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.

ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.