രാഹുല്‍ ഗാന്ധിക്ക് അയോഗ്യതാ ഭീഷണി: സ്റ്റേ ഇല്ലെങ്കില്‍ എംപി സ്ഥാനം റദ്ദാവും; മത്സരിക്കുന്നതിലും വിലക്ക്

രാഹുല്‍ ഗാന്ധിക്ക് അയോഗ്യതാ ഭീഷണി: സ്റ്റേ ഇല്ലെങ്കില്‍ എംപി സ്ഥാനം റദ്ദാവും; മത്സരിക്കുന്നതിലും വിലക്ക്

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അയോഗ്യതാ ഭീഷണിയില്‍. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി വിധിക്കു സ്റ്റേ വന്നില്ലെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാവും.

രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്കു തടഞ്ഞിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിനു ജാമ്യവും അനുവദിച്ചു. മേല്‍ക്കോടതി ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അയോഗ്യതയും വരും.

മോഡി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസിലാണ് രാഹുലിനു കോടതി ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോഡി എന്ന പേരു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോഡി നല്‍കിയ ഹര്‍ജിയിലാണ് വിധി.

കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ പരാമര്‍ശം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.