റെയിഡിനിടെ നവജാത ശിശുവിനെ പൊലീസ് ചവിട്ടിക്കൊലപ്പെടുത്തി; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

റെയിഡിനിടെ നവജാത ശിശുവിനെ പൊലീസ് ചവിട്ടിക്കൊലപ്പെടുത്തി; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

റാഞ്ചി: റെയിഡിനിടെ നവജാത ശിശുവിനെ പൊലീസ് ചവിട്ടിക്കൊലപ്പെടുത്തിയതായി ആരോപണം. സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ഗിരിഥ് ജില്ലയിലെ കൊഷോഡിംഗി ഗ്രാമത്തില്‍ ഇന്നലെയാണ് ക്രൂരകൃത്യം നടന്നത്.

സംസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തില്‍ അന്വേഷണത്തിന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉത്തരവിട്ടു. ഒരു കേസില്‍ പ്രതികളായ രണ്ടു പേരെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിന്റെ ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം. മരണപ്പെട്ട കുട്ടിയുടെ മുത്തച്ഛന്‍ ഭൂഷണ്‍ പാണ്ഡെ എന്ന പ്രതിയെ തേടിയെത്തിയതാണ് പൊലീസ് എത്തിയത്.

ബുധനാഴ്ച വെളുപ്പിനാണ് പൊലീസ് ഭൂഷണ്‍ പാണ്ഡയുടെ വീട് വളഞ്ഞത്. പൊലീസ് എത്തിയതറിഞ്ഞ് ഭൂഷണ്‍ പാണ്ഡെ ഓടി രക്ഷപ്പെട്ടു. കുഞ്ഞിനെ വീട്ടിലാക്കി മറ്റ് കുടുംബാംഗങ്ങളും വീട്ടില്‍ നിന്നിറങ്ങി ഓടി. ബഹളമെല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ചവിട്ടേറ്റ് മരിച്ച നിലയില്‍ കണ്ടതെന്ന് കുടുംബം പറഞ്ഞു.

തന്നെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് കട്ടിലിന് മുകളില്‍ കയറിയപ്പോള്‍ കുഞ്ഞിന് ചവിട്ടേല്‍ക്കുകയായിരുന്നുവെന്നാണ് ഭൂഷണ്‍ പാണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബുധനാഴ്ച്ച പുലര്‍ച്ചെ 3.20 നാണ് പൊലീസുകാര്‍ വീട്ടില്‍ റെയ്ഡിന് എത്തിയതെന്നാണ് ഭൂഷണ്‍ കുമാര്‍ പറയുന്നത്. ഭൂഷണ്‍ പാണ്ഡെയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് പ്രതിയെ തെരഞ്ഞ് വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ദിയോരി പൊലീസ് സ്റ്റേഷനിലെ സംഘമാണ് റെയിഡിനെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണ കാരണം വ്യക്തമാകൂ എന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.