ജോ കാവാലം
ഞാൻ ചെറുപുഷ്പ മിഷൻ ലീഗിന്റെ പുളിങ്കുന്ന് ഫൊറോനാ പ്രസിഡണ്ടായിരിക്കുമ്പോഴാണ് മാർ ജോസഫ് പൗവ്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയായി ഉത്തരവാദിത്വം ഏറ്റെടുത്ത് മടങ്ങി വരുന്നത്. മിഷൻ ലീഗിന്റെ അതിരൂപതാ പരിപാടികളിൽ പങ്കെടുക്കാൻ കടന്നു വരുന്ന പിതാവിനെ ഞങ്ങൾ വളരെ ഭയ ഭക്തി ബഹുമാനങ്ങളോടെയാണ് നോക്കിയിരുന്നത്. അന്നു വരെ കണ്ടു പരിചയിച്ച മെത്രാപ്പോലീത്തയുടെ വസ്ത്രഭൂഷാദികളൊന്നുമില്ലാതെ വളരെ മെലിഞ്ഞ അദ്ദേഹം ഒരു വൈദികനെപ്പോലെ അതിമെത്രാസന മന്ദിരത്തിലൂടെ നടക്കുമ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിൽ വിരിയുന്ന മന്ദഹാസവും സ്നേഹത്തോടെയുള്ള നോട്ടവും മാത്രമാണ് കുട്ടികൾക്ക് കിട്ടുന്ന സമ്മാനങ്ങൾ. സംസാരിച്ചാൽ തന്നെ രണ്ടോ മൂന്നോ വാക്കുകളിൽ കുശലാന്വേഷങ്ങൾ ഒതുക്കും.
1987 ൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ അതിരൂപതാ സെക്രട്ടറിയായിരിക്കുമ്പോഴാണ് പിതാവിനെ കൂടുതൽ അടുത്തു കാണാനും സംസാരിക്കാനും സാഹചര്യം ഒരുങ്ങിയത്. തെരഞ്ഞെടുക്കപ്പെട്ട ശേഷം പിതാവിനെ കാണാൻ ചെന്ന കുട്ടികളായ ഞങ്ങൾക്ക് അദ്ദേഹം മധുരം നൽകിയാണ് സ്വീകരിച്ചത്.
അതിരൂപതാ ഭാരവാഹിയായ ഞാൻ അരമനയിൽ പതിവായി സന്ദർശനം നടത്തിയിരുന്നു. അക്കാലത്താണ് യുവാക്കളെയും കുട്ടികളെയും പിതാവ് വളരെയധികം സ്നേഹിച്ചിരുന്നു എന്നു ബോധ്യമായത്. ചങ്ങനാശ്ശേരി അതിരൂപതാ യുവജനപ്രസ്ഥാനമായ യുവദീപ്തി ആരംഭിച്ചതിനു ശേഷം ചെറുപുഷ്പ മിഷൻ ലീഗിനെ കുട്ടികളുടെ ഒരു സംഘടനായി മാറ്റണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. അതിരൂപതയുടെ സഹായ മെത്രാനായിരിക്കുന്ന സമയത്ത് അതിനു വേണ്ട നടപടികൾ അദ്ദേഹം ആരംഭിക്കുകയും ചെയ്തു. അങ്ങനെ അധികാരവും ഉത്തരവാദിത്തവും പൂർണ്ണമായും കുട്ടികളിലേക്ക് പകർത്തപ്പെട്ടതിനുശേഷം ആദ്യമായി സെക്രട്ടറി ആകുന്നത് ലാലി ഇളപ്പുങ്കലും, അതിനുശേഷം അലക്സ് മുരിക്കനാനിയും. കുട്ടികളിൽ നിന്നുള്ള മൂന്നാമത്തെ ജനറൽ സെക്രട്ടറി ആകാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു.
ചെറുപുഷ്പ മിഷൻ ലീഗിനെക്കുറിച്ച് പിതാവിന് വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു. വ്യക്തിത്വവികസനത്തിലൂടെ പ്രേഷിത ചൈതന്യം തുളുമ്പുന്ന കുട്ടികളെ രൂപപ്പെടുത്താൻ മിഷൻ ലീഗിന് കഴിയണം എന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. മിഷൻ ലീഗിന് കുട്ടികളുടെ സംഘടന എന്ന നിലയിൽ ഒരു മേൽവിലാസമുണ്ടാകണം എന്നദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതിരൂപതയുടെ പൊതു പരിപാടികളിൽ കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ അദ്ദേഹം നിർബന്ധം പിടിക്കാറുണ്ടായിരുന്നു. പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ലൂർദ് സാമിക്ക് ചങ്ങനാശ്ശേരി എസ്ബി കോളേജിന്റെ കാവുകാട്ട് ഹാളിൽ നടന്ന സ്വീകരണത്തിൽ ഒരു പ്രസംഗകനായി എന്നെ തിരഞ്ഞെടുത്തത് പിതാവിന്റെ വ്യക്തിപരമായ താല്പര്യം ഒന്നു കൊണ്ടു മാത്രമായിരുന്നു.1988 ഫെബ്രുവരി 20 ന് ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട മരിയൻ റാലിയായിരുന്നു ഞങ്ങൾ ഏറ്റെടുത്ത ആദ്യത്തെ പ്രധാനപ്പെട്ട പരിപാടി. അതിനു ശേഷമുള്ള അതിരൂപതാ എക്സിക്യൂട്ടീവ് മീറ്റിംഗിൽ പതിവിന് വിപരീതമായി പിതാവ് നേരിട്ടെത്തി സംഘടനാ മികവിന് ഭാരവാഹികളെ അഭിനന്ദിച്ചു. എല്ലാ വർഷവും നടത്തപ്പെടുന്ന കുടമാളൂരിലേക്കുള്ള അൽഫോൻസാ തീർത്ഥാടനം അഭിവന്ദ്യ പിതാവിന്റെ പ്രത്യേക താല്പര്യത്തോടെ ആരംഭിച്ചതായിരുന്നു.
എന്നെ ഏറ്റവും അധികം ആകർഷിച്ചത് അദ്ദേഹത്തിന്റെ ലാളിത്യവും എളിമയുമായിരുന്നു. രസകരമായ ഒരനുഭവം ഓർക്കുന്നു, എല്ലാ ദിവസവും മൽസ്യം, പന്നി, പോത്ത് ഇവയൊക്കെ കൂട്ടി സുഭിക്ഷമായാണ് അരമനയിൽ മെത്രാപ്പോലീത്തയും അച്ചന്മാരും ജീവിക്കുന്നതെന്നൊക്കെ എസ് ബി കോളേജിലെ കൂട്ടുകാർ പരദൂഷണം പറയുമായിരുന്നു. ഒരു ദിവസം ഞാനും മിഷൻ ലീഗ് ഡയറക്ടർ അച്ചനായിരുന്ന പുതിയിടം മാണി അച്ചനുമായി കന്യാകുമാരിയിലേക്കുള്ള യാത്രാമദ്ധ്യേ അരമനയിൽ നിന്ന് അത്താഴം കഴിക്കാൻ ഇടയായി. ഞങ്ങൾ എത്തുമ്പോൾ അഭിവന്ദ്യ പിതാവും ഏതാനും വൈദികരും ഭക്ഷണം കഴിക്കുന്ന സമയമായിരുന്നു. മാണി അച്ചൻ എന്നെ പിതാവിന്റെ വലതു വശത്തുള്ള കസേരയിൽ തന്നെയിരുത്തി ഒരു ചെറു ചിരിയോടെ എന്നെ നോക്കി എടുത്ത് കഴിക്കു എന്ന് പിതാവ് പറഞ്ഞു. ആ സമയം പിതാവിന്റെ പ്ലേറ്റിൽ ഒരു സ്പൂൺ കപ്പയും, ഒരു തവി കഞ്ഞിയും ഒരു പപ്പടവും അച്ചാറും മാത്രം. അത്ഭുതത്തോടെ നോക്കിയ എന്നോട് മാണി അച്ചൻ പറഞ്ഞതോർക്കുന്നു. നോക്കണ്ട, ഇവിടെ മിക്കവാറും ഇങ്ങനെയൊക്കെയാ. അതിനു ശേഷം പല ദിവസങ്ങളിലും അരമനയിൽ നിന്ന് അത്താഴം കഴിച്ചിട്ടുണ്ടെങ്കിലും കൂട്ടുകാർ പറഞ്ഞ ആർഭാടം ഞാൻ അവിടെ കണ്ടിട്ടേയില്ല.
കുട്ടികളെയും യുവാക്കളെയും ആത്മാർഥമായി സ്നേഹിച്ച നല്ല ഇടയാനായിരുന്നു മാർ ജോസഫ് പൗവത്തിൽ. ചെറുപുഷ്പ മിഷൻ ലീഗ് എന്ന സംഘടനക്ക് നല്ല ദിശാബോധം നൽകുകയും കുട്ടികളെ നേതൃത്വത്വത്തിലേക്ക് കൊണ്ട് വരികയും ചെയ്ത പിതാവിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. അഭിവന്ദ്യ പിതാവ് സ്വർഗീയ യാത്രയ്ക്ക് പുറപ്പെടുമ്പോൾ, വിശുദ്ധനായ ആ പുരോഹിത ശ്രേഷ്ഠനോടൊപ്പം വളരെ അടുത്തു പ്രവർത്തിക്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു, പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.
ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.