ജീവന്റെ മഹത്വത്തെ ഉയർത്തി കാണിക്കാൻ അക്ഷീണം പരിശ്രമിച്ച പൗവ്വത്തിൽ പിതാവ്

ജീവന്റെ മഹത്വത്തെ ഉയർത്തി കാണിക്കാൻ അക്ഷീണം പരിശ്രമിച്ച പൗവ്വത്തിൽ പിതാവ്

എബ്രഹാം പുത്തൻകളം ചങ്ങനാശ്ശേരി അതിരൂപതാ പ്രോലൈഫ് കോർഡിനേറ്റർ

മാർ ജോസഫ് പൗവ്വത്തിൽ പിതാവ് ജീവന്റെ ശുശ്രൂഷയ്ക്ക് വലിയ പ്രോത്സാഹനം തന്നുകൊണ്ടിരുന്ന പിതാവായിരുന്നു. ജീവന് ഹാനികരമായി തീരാവുന്ന എന്തെങ്കിലും സംഭവങ്ങൾ നടന്നാൽ പ്രവാചക ദൗത്യത്തോടെ പിതാവ് അതിൽ ഇടപെടുമായിരുന്നു. ആദ്യ കാലങ്ങളിൽ ഈറോഡ് സ്വദേശിയായ ഡോ. ജോൺ ഐപ്പ് സാറിനെക്കൊണ്ട് അതിരൂപതയിലെ എല്ലാ ഇടവകകളിലും പ്രോലൈഫ് ക്ലാസ് എടുപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അക്കാലത്തു  ജോൺ ഡോക്ടർ മാത്രമേ ജീവന്റെ മഹത്വത്തെക്കുറിച്ച് സ്ലൈഡ് ഷോയും വീഡിയോ ഷോയുമായി ക്ലാസ് എടുക്കാൻ ഉണ്ടായിരുന്നുള്ളു.
ജീവനെ സംബന്ധിച്ച് സഭയുടെ നിലപാടുകൾക്ക് വിരുദ്ധമായ ഒരു നിലപാടുകളും എടുക്കാൻ പിതാവ് സമ്മതിക്കുകയില്ലായിരുന്നു. അക്കാര്യത്തിൽ കർക്കശ നിലപാടുകൾ പിതാവ് എടുത്തിരുന്നു.

തികഞ്ഞ ബോധ്യമുള്ള കാര്യങ്ങളെ പിതാവ് സംസാരിക്കാറുള്ളു. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലായിരുന്നു.
ഞാൻ പ്രോലൈഫ് ശുശ്രൂഷ ആരംഭിച്ച കാലത്ത് പിതാവിന്റെ കൂടെ അക്കാലത്തു എപ്പോഴും ഉണ്ടായിരുന്ന ഫിലിപ്പ് നെൽപ്പുര അച്ചൻ വഴി പിതാവ് ഈ ശുശ്രൂഷയെ സംബന്ധിച്ച് തന്റെ ആശയങ്ങൾ പങ്ക് വെക്കുമായിരുന്നു. കൂടാതെ വിദേശത്തെ പ്രോലൈഫ് മിനിസ്ട്രിയിൽ അവർ സ്വീകരിക്കുന്ന നിലപാടുകൾ മനസിലാക്കി തരുമായിരുന്നു. അതിൽ നിന്ന് നമ്മൾക്ക് സ്വീകരിക്കാൻ പറ്റുന്നവ പ്രാവർത്തികമാക്കാനും നിർദേശിക്കുമായിരുന്നു.

27 വർഷങ്ങൾക്ക് മുമ്പ് ലുയീസ് വെള്ളാനിക്കൽ അച്ചന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി കൃപ പ്രോലൈഫർസ് തുടങ്ങിയ കാലത്ത് വേണ്ടതായ മാർഗ്ഗനിർദേശങ്ങൾ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു പിതാവ്.
മാത്യു കല്ലുകളം അച്ചൻ ഫാമിലി അപ്പോസ്‌റ്റോലേറ്റ് ഡയറക്ടർ ആയിരുന്ന കാലത്ത് പൗവ്വത്തിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ കാവുകാട്ട് ഹാളിൽ കൂടിയ സമ്മേളത്തിൽ വെച്ചാണ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവ് ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ ഉദ്ഘാടനം ചെയ്ത് അതിരൂപതയിൽ പ്രോലൈഫ് ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചത്. അതിരൂപതാതലത്തിൽ പ്രോലൈഫ് ശുശ്രൂഷ തുടങ്ങാൻ എല്ലാ വിധ സഹകരണവും നൽകി ആശീർവദിച്ചാരംഭിച്ച പ്രോലൈഫ് ശുശ്രൂഷ ഇപ്പോഴും നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ജീവന്റെ വില ഇടിച്ചു കാണിക്കുന്ന എന്തെങ്കിലും പ്രവർത്തനങ്ങളോ തീരുമാനങ്ങളോ ഗവ. തലത്തിലോ അല്ലാതെയോ ഉണ്ടായാൽ മുഖം നോക്കാതെ ഉടനടി തന്റെ തൂലിക ചലിപ്പിച്ചിരുന്നു പിതാവ്. വി. ജോൺ പോൾ രണ്ടാമന്റെ "ഇവഞ്ചേലിം വീത്തെയുടെ " പി ഒ സി ഇറക്കിയ മലയാളം പരിഭാഷ "ജീവന്റെ സുവിശേഷം" എന്ന ഗ്രന്ഥത്തിന് ഈടുറ്റ അവതാരിക എഴുതിയിട്ടുള്ളത് മാർ ജോസഫ് പൗവ്വത്തിൽ പിതാവാണ്.

2002 ൽ ചങ്ങനാശ്ശേരിയിൽ അജാത ശിശുക്കളുടെ സ്മാരകം പണിയുന്ന വിഷയം വന്നപ്പോൾ വലിയ പ്രോത്സാഹനം തന്ന് കല്ല് ആശീർവദിച്ചു സ്ഥാപിച്ചത് മാർ ജോസഫ് പൗവ്വത്തിൽ പിതാവായിരുന്നു. എന്നാൽ ആ സ്മാരകം പണിത് വെഞ്ചരിക്കാൻ സാധിച്ചത് 2017 ലായിരുന്നു. 

എന്റെ 'ദി ലൈഫ് " എന്ന പ്രോലൈഫ് ഡെമോസ്‌ട്രേഷൻ ബുക്ക്‌ 5മത് നാഷണൽ പ്രോലൈഫ് സെമിനാറിൽ വെച്ച് ഹ്യൂമൻ ലൈഫ് ഇന്റർനാഷണൽ ടീം അംഗമായ റയ്‌മണ്ട് ഡിസൂസയ്ക്ക് (അമേരിക്ക) നൽകി പ്രകാശനം ചെയ്തത് പൗവ്വത്തിൽ പിതാവായിരുന്നു.
ജീവന്റെ മഹത്വത്തെ ഉയർത്തി കാണിക്കാൻ അക്ഷീണം പരിശ്രമിച്ചിരുന്ന പൗവ്വത്തിൽ പിതാവിന് പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു.


ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.