മാർ ജോസഫ് പൗവ്വത്തിൽ നിലപാടുകളുടെ രാജകുമാരൻ - സത്യവിശ്വാസത്തിന്റെ ഉറങ്ങാത്ത കാവൽക്കാരൻ

മാർ ജോസഫ് പൗവ്വത്തിൽ നിലപാടുകളുടെ രാജകുമാരൻ - സത്യവിശ്വാസത്തിന്റെ ഉറങ്ങാത്ത കാവൽക്കാരൻ

ബിജു ഡോമിനിക് നടുവിലേഴം

തന്റെ ശക്തമായ നിലപാടുകളിലൂടെ സഭയിലും സമൂഹത്തിലും വ്യക്തിമുദ്ര പതിപ്പിച്ച മാർ ജോസഫ് പൗവ്വത്തിൽ പിതാവ് നമ്മിൽ നിന്ന് കടന്നു പോകുമ്പോൾ സഭയുടെ സായാഹ്‌ന പ്രാർത്ഥനയിൽ നാം പ്രാര്ഥിക്കുന്നതുപോലെ അജഗണങ്ങളെ ചെന്നായ്കളിൽ നിന്നും രക്ഷിക്കാൻ തൊഴുത്തിൽ മുറ്റത്ത് വസിക്കുന്ന ഉറങ്ങാത്ത കാവൽക്കാരനായി നമുക്കുവേണ്ടി പിതാവ് സ്വർഗ്ഗത്തിൽ മാധ്യസ്ഥം വഹിക്കും എന്ന് എനിക്കുറപ്പുണ്ട്. പൊതുവെ പലപ്പോഴും വളെരെ കർക്കശ്യമുള്ള വ്യക്തി എന്ന് കരുതുമ്പോളും തന്റെ മക്കളെ പ്രിതൃസഹജമായ വാത്സല്യത്തോടെ ചേർത്തുനിർത്തുന്ന പൗവ്വത്തിൽ പിതാവിനെ അടുത്തറിയുവാൻ സാധിച്ചിട്ടുണ്ട്.

യുവാക്കളോടും കുട്ടികളോടുമുള്ള കരുതൽ എന്റെ മിഷൻലീഗ്, യുവദീപ്തി പ്രവർത്തനകാലഘട്ടത്തിൽ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. യുവദീപ്തി, KCYM, ICYM തുടങ്ങിയ യുവജന സംഘടനകൾ പിതാവിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണമാണ്. എന്റെ യുവദീപ്തി പ്രവർത്തനകാലത്ത് പിതാവിന്റെ ശബ്ദം ഞാൻ ക്യാമ്പുകളിലും മറ്റും അനുകരിക്കുമായിരുന്നു. ഒരിക്കൽ അരമനയിൽ മാണിയച്ചനോടൊപ്പം പിതാവിനെ കണ്ടപ്പോൾ പേടിച്ചാണെങ്കിലും പിതാവിന്റെ ശബ്ദം അനുകരിച്ചുകേൾപ്പിച്ചപ്പോൾ കൊള്ളാം നന്നായിരിക്കുന്നു എന്ന് അഭിനന്ദിച്ചത് വലിയ ഒരു അംഗീകാരമായി ഞാൻ കരുതുന്നു.

പിതാവിന്റെ എല്ലാ പ്രസംഗങ്ങളും സംഭാഷണങ്ങളും സഭയുടെയും വിശ്വാസത്തിന്റെയും ചുവടുപിടിച്ചായിരുന്നു. തന്റെ മരണം വരെ സഭാസ്നേഹത്തിലും സത്യവിശ്വാസത്തിലും ഉറച്ചുനിന്ന് ശരികേടുകൾക്കെതിരെ പോരാടാൻ പിതാവിന് സാധിച്ചത് ആഴമായ പഠനത്തിന്റെയും അത് നൽകിയ ബോധ്യങ്ങളുടെയും ഈടുറ്റ ഉറപ്പിലാണ്. ഇന്ന് പ്രവാസലോകത്ത് സീറോ മലബാർ സഭക്ക് ലഭ്യമായിരിക്കുന്ന എല്ലാ അവസരങ്ങൾക്കും പിതാവിനോട് നാം കടപ്പെട്ടിരിക്കുന്നു. 1995 ലെ പിതാവിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷം പിതാവ് റോമിൽ നടത്തിയ ശക്തമായ ഇടപെടൽ ആണ് 1997 ൽ മാസത്തിൽ ഒരു കുർബാന അർപ്പിക്കാൻ ഒരു സീറോ മലബാർ കപ്പുച്ചിൻ വൈദികനെ UAE ൽ ലഭ്യമായത്. സഭയുടെ ആരാധനാക്രമവിഷയത്തിൽ സഭയുടെ പൈതൃകത്തിനു വേണ്ടി നിലകൊണ്ട പിതാവ് പലപ്പോഴും ആക്രമണത്തിന് വിധേയനായെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അതിനെ നേരിട്ട് നിലകൊണ്ടതിനാലാണ് ഇന്ന് നമ്മുടെ സഭയുടെ ആരാധനാക്രമം അതിന്റെ സത്തയിൽ ഉറച്ചുനിൽക്കുന്നത്.

തന്റെ ജീവിതകാലം മുഴുവൻ തന്നെ വിളിച്ചവനോട് വിശ്വസ്തനായും തന്റെ അജഗണങ്ങളുടെ വിശ്വാസസംരക്ഷകനായും നമുക്ക് വെളിച്ചം പകർന്ന പിതാവിന് നന്ദിയർപ്പിക്കാം. വന്ദ്യപിതാവേ അങ്ങ് സമാധാനത്തോടെ പോവുക; അങ്ങ് പകർന്നു തന്ന വിശ്വാസ ജ്വാല കെടാതെ ഞങ്ങൾ കാത്തുസൂക്ഷിക്കും.


ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.