ഇനി എംപിയല്ല: രാഹുല്‍ ഗാന്ധി അയോഗ്യന്‍; വിജ്ഞാപനം പുറത്തിറക്കി ലോക്സഭ സെക്രട്ടറിയേറ്റ്

ഇനി എംപിയല്ല: രാഹുല്‍ ഗാന്ധി അയോഗ്യന്‍; വിജ്ഞാപനം പുറത്തിറക്കി ലോക്സഭ സെക്രട്ടറിയേറ്റ്

ന്യൂഡല്‍ഹി: മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഇന്ന് സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷ്ഭുതമായതിന് പിന്നാലെയാണ് ലോക്സഭ ഉത്തരവ് പുറത്തിറക്കിയത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.

മോഡി സമുദായത്തിനെതിരെ പരാമര്‍ശം നടത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഗുജറാത്തിലെ സൂറത്ത് കോടതിയുടേതായിരുന്നു വിധി. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് വിധി.

ഇതോടെ ആറ് വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് വിലക്കുണ്ടാകും. അപ്പീല്‍ നല്‍കാനായി ശിക്ഷ 30 ദിവസത്തേയ്ക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നതിന് മുമ്പാണ് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഉണ്ടായിരിക്കുന്നത്. ഭരണഘടനയുടെ 101(1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

2019 ഏപ്രില്‍ 13 ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലാണ് പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വജ്രവ്യാപാരി നീരവ് മോഡിയേയും ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയേയും വിമര്‍ശിച്ചിരുന്നു. എല്ലാ കളളന്മാരുടെയും പേരിനൊപ്പം മോഡി എന്നുണ്ടല്ലോ എന്നതായിരുന്നു വിവാദ പരാമര്‍ശം.

ബിജെപി നേതാവ് പൂര്‍ണേഷ് മോഡിയാണ് രാഹുലിന്റെ പരാമര്‍ശത്തിനെതിരെ കോടതിയില്‍ കേസ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.