പോരാടുന്നത് ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടി; എന്തു വില കൊടുക്കാനും തയ്യാറെന്ന് രാഹുല്‍ ഗാന്ധി

പോരാടുന്നത് ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടി; എന്തു വില കൊടുക്കാനും തയ്യാറെന്ന്  രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

'ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. അതിനു വേണ്ടി എന്തു വില കൊടുക്കാനും തയ്യാറാണ്'- അദ്ദേഹം ട്വിറ്റര്‍ കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കി.

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗമാണ് കോണ്‍ഗ്രസിന്റെ പോരാട്ട മുഖമായ രാഹുല്‍ ഗാന്ധി. 2017 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോഡി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇന്നലെയാണ് രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിന് ഉടന്‍ അയോഗ്യത വരില്ലെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് തിടുക്കത്തില്‍ വിജ്ഞാപനമിറക്കിയതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.