രാഹുലിനായി മുതിര്‍ന്ന അഭിഭാഷകരുടെ പാനല്‍; പോരാടാനുറച്ച് കോണ്‍ഗ്രസ്

 രാഹുലിനായി മുതിര്‍ന്ന അഭിഭാഷകരുടെ പാനല്‍; പോരാടാനുറച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറ്റിയേറ്റ് തീരുമാനത്തിനെതിരെ പോരാടാനുറച്ച് കോണ്‍ഗ്രസ്. ഇതിനായി മുതിര്‍ന്ന അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ച് ആദ്യം സെഷന്‍സ് കോടതിയെ സമീപിക്കും. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമ നടപടിയും ഉടന്‍ തുടങ്ങും.

മനു അഭിഷേക് സിങ്‌വി, പി.ചിദംബരം, വിവേക് തന്‍ഖ, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരുടെ പാനലാണ് നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുക. സെഷന്‍സ് കോടതിയില്‍ ആദ്യം അപ്പീല്‍ നല്‍കും. കുറ്റക്കാരനാക്കിയ വിധിയും ശിക്ഷയും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീല്‍.

കുറ്റക്കാരന്‍ എന്ന വിധി ഉടന്‍ സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന്റെ അയോഗ്യത തുടരും. പിന്നെ വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ തടസമുണ്ടാകില്ല. അപ്പീലില്‍ തീരുമാനം വരുന്നത് വരെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പാടില്ലെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

കോടതി വിധി വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ലോക്‌സഭാംഗത്വം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക പ്രകടമാണ്. കേന്ദ്രത്തിന്റെ വേട്ടയാടല്‍ ആരോപിക്കുമ്പോഴും ഗുജറാത്തിലെ കേസ് നടത്തിപ്പില്‍ പാളിച്ചയുണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

രാഹുലിനെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കേന്ദ്രം എല്ലാ വഴിയും തേടുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധി മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കേണ്ടി വന്നാല്‍ അത് കോണ്‍ഗ്രസിന് കടുത്ത പ്രതിസന്ധിയാകും.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് ഹൈക്കോടതി നല്‍കിയ ഇളവ് രാഹുല്‍ ഗാന്ധിക്കും കിട്ടണമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ കേസ് നടപടികള്‍ നീണ്ടു പോയാല്‍ അത്രയും നാള്‍ രാഹുല്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്തു നില്‍ക്കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.