നാല് കോടി ഡോസ് റെഡി; കോവിഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

നാല് കോടി ഡോസ് റെഡി;  കോവിഡ് വാക്സിന്‍ ഉപയോഗത്തിന്  അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ: ഫൈസറിനു പിന്നാലെ രാജ്യത്ത് കോവിഡ് വാക്സിന്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് സാഹചര്യം പരിഗണിച്ചും ജന നന്മ കണക്കിലെടുത്തും വാക്സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വാക്സിന്റെ നാല് കോടി ഡോസ് തയ്യാറാണെന്നും ഡ്രഗ് കണ്‍ട്രോള്‍ ജനറലിന് നല്‍കിയ അപേക്ഷയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വാക്സിന്‍ വിതരണത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയിരിക്കുന്നത്. വാക്സിന്‍ വ്യാവസായികമായി ഉല്‍പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. യുകെ, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

ഐസിഎംആറിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ നടത്തുന്ന 2, 3 ഘട്ടം ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിന്‍ നേരത്തെ തന്നെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിജിസിഐയില്‍ നിന്ന് ഉപാധികളോടെ നേടിയ ലൈസന്‍സ് ഉപയോഗിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നാല് കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിച്ചിട്ടുണ്ടെന്നാണ് ഐസിഎംആര്‍ പറയുന്നത്. പരിശോധനയ്ക്കായി കമ്പനി ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കസൗലിയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ഫാക്ടറിയിലേയ്ക്കും അയച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.