തോമസ് ചെറിയാൻ
ഔദ്യോഗിക ചുമതലകൾ പിൻഗാമിക്ക് കൈമാറി ഒന്നര പതിറ്റാണ്ടുകൾക്കിപ്പുറം, വർഷങ്ങളായി പൊതു വേദികളിൽ നിന്നൊഴിഞ്ഞു വിശ്രമ ജീവിതം നയിച്ചിരുന്ന ഒരു മേല്പട്ടക്കാരൻ കേരളക്കരയിൽ നിന്ന് അത്ഭുതാവഹവും അവർണ്ണനീയവുമായ യാത്രയയപ്പുകൾ ഏറ്റുവാങ്ങി വിട പറഞ്ഞെങ്കിൽ അത് മാർ പൗവ്വത്തിൽ അല്ലാതെ മറ്റാരാണ്! ജീവിതത്തിലും മരണത്തിലും അത്ഭുതമായ മാർ ജോസഫ് പൗവ്വത്തിൽ!
വൈദികനായി പത്ത് വർഷങ്ങൾ പോലും തികയും മുൻപ് മെത്രാനായി, മാർപാപ്പായാൽ അഭിഷേകം ചെയ്യപ്പെടുക, ദൈവശാസ്ത്ര വിഷയങ്ങളിൽ ഉന്നത ബിരുദങ്ങൾ ഇല്ലാതിരുന്നിട്ടും മാതൃ സഭയുടെ ദൈവശാസ്ത്ര - ആരാധനാക്രമ വീക്ഷണങ്ങളെ അപ്പാടെ മാറ്റി മറിക്കാൻ തക്ക അറിവുകൾ സ്വായത്തമാക്കിയ, ശ്രോതാക്കളെ പിടിച്ചിരുത്തുന്ന പ്രസംഗ പാടവമോ വാക് ചാതുര്യമോ ആഖ്യാന ശൈലിയോ ഒന്നുമില്ലാതിരുന്നിട്ടും സഭാ- സാമൂഹിക പ്രശനങ്ങളിൽ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും പൊതു സമൂഹവും കാതോർത്തിരുന്ന ശബ്ദമായി മാറിയ, നിലപാടുകൾ എതിർ പക്ഷത്ത് പ്രതിഷ്ഠിച്ചിരുന്നവരെ പോലും വ്യക്തി ജീവിതത്തിൽ ചേർത്ത് നിർത്തിയ, വിടപറയുമ്പോൾ യാത്രയയപ്പ് ഏറ്റവും മനോഹരമാക്കാൻ അവരെല്ലാവരും മത്സരിച്ച് ഉത്സാഹിക്കാൻ തക്ക പ്രാഭവമായി മാറിയ മാർ ജോസഫ് പൗവ്വത്തിൽ! ഇതിനെല്ലാം നേർക്കാഴ്ചകളായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ ചങ്ങനാശ്ശേരിയിൽ ദർശിച്ചത്.
ഓർമ്മകളിലെ പവ്വത്തിൽ പിതാവ്
വ്യക്തിപരമായി പങ്കുവയ്ക്കാൻ ഓർമ്മകൾ ഏറെയില്ലെങ്കിലും പൗവ്വത്തിൽ മാർ ജോസഫ് മെത്രാപ്പോലീത്തായുടെ കാലഘട്ടത്തിൽ ചങ്ങനാശ്ശേരി അതിരൂപതാംഗമായിരിക്കാൻ പുണ്യം ചെയ്ത ഒരു എളിയ ജന്മം. ദൈവാരാധനയിലും ആധ്യാത്മികതയിലും മതബോധനത്തിലുമെല്ലാം പൗവ്വത്തിൽ പിതാവ് ചാർത്തിയ കൈയൊപ്പ് നെഞ്ചോട് ചേർത്ത് വളരാൻ സാധിച്ചത് അസുലഭ ഭാഗ്യമായിരുന്നു. ആവേശമായിരുന്നു, അഭിമാനമായിരുന്നു പൗവ്വത്തിൽ പിതാവ്! സ്വയാശ്രയ സമര കാലത്ത്, മതമില്ലാത്ത ജീവന്റെ കാലത്ത്, സമുദായത്തിന്റെ ശബ്ദമായി മാറിയ പിതാവിനെതിരെ പ്രതികാര നടപടികളുമായി സർക്കാർ രംഗത്തിറങ്ങിയപ്പോൾ പിതാവിന് വേണ്ടി, വിശ്വാസ സംരക്ഷണത്തിനായി, ചങ്ങനാശേരി നഗരത്തെ പ്രകമ്പനം കൊള്ളിച്ച വിശ്വാസ സംരക്ഷണ ജാഥയിൽ ആവേശ പൂർവ്വം പങ്കെടുത്തത് ഇന്നും ജ്വലിക്കുന്ന ഓർമ്മകളാണ്.
ഫേസ്‌ബുക്കിന്റെ ആരംഭ കാലത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തികളുടെ പേജുകൾ പ്രൊഫൈലിൽ ചേർക്കാൻ ഒരു ഓപ്‌ഷൻ ഫേസ്‌ബുക്കിൽ ഉണ്ടായിരുന്നു. പിതാവിന്റെ പേരിൽ പേജുകൾ ഒന്നും ഇല്ലാതിരുന്ന അക്കാലത്തു എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തികളുടെ കൂട്ടത്തിൽ പൗവ്വത്തിൽ പിതാവും ഉണ്ടാകണമെന്ന അതിയായ ആഗ്രഹത്തിൽ പിതാവിന്റെ പേരിൽ ഒരു പേജ് തുടങ്ങിയാണ് ആ ആഗ്രഹം സാധിച്ചെടുത്തത്. 12 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പേജിലൂടെ പിതാവിന്റെ സെക്രട്ടറിമാരിൽ കുറച്ചു പേരെ നല്ല സുഹൃത്തുക്കളായി ലഭിച്ചുവെന്നതും സന്തോഷത്തോടെ ഓർക്കുന്നു.
പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ചു തന്റെ മാതൃ വിദ്യാലയമായ ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് സ്‌കൂളിലെ പത്താം ക്ലാസിലെ ഒരു വിദ്യാർത്ഥിക്ക് മാസ്റ്റർ ബെർക്കുമാൻസ് എന്ന പേരിൽ പവ്വത്തിൽ പിതാവ് ഏർപ്പെടുത്തിയ അവാർഡ് ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. അവാർഡിനേക്കാൾ എന്നെ ഏറെ സന്തോഷിപ്പിച്ചത് അവാർഡ് സ്വീകരിക്കേണ്ട സ്‌കൂൾ വാർഷിക ദിവസം രാവിലെ അവാർഡ് ജേതാക്കൾ അരമനയിൽ പോയി പിതാവിനെ സന്ദർശിക്കുന്ന പതിവാണ്. പൗവ്വത്തിൽ പിതാവ് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തായുടെ ഭരണ ചുമതലകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തുന്ന ദിവസമായിരുന്നു അന്ന്. ഏറ്റവും സന്തോഷത്തോടെ സ്ഥാനമൊഴിയാൻ തയ്യാറായിരിക്കുന്ന ഒരു മെത്രാപ്പോലീത്തായെയാണ് അരമനയിൽ കണ്ടത്. വർഷങ്ങൾക്ക് ശേഷം മറ്റൊരവസരത്തിൽ അതിരൂപതയിലെ അജപാലന പ്രവർത്തനങ്ങളിൽ ഗുണകരമാകും എന്ന് തോന്നിയ കുറച്ച് ആശയങ്ങൾ കത്ത് മുഖേന പിതാക്കന്മാർക്ക് അയക്കുകയുണ്ടായി. ആദരവോടെയുള്ള ഒരകലം സൂക്ഷിച്ചിരുന്നതിനാലും ആശയങ്ങൾ അറിയിക്കുക എന്നതിൽ കവിഞ്ഞു ഒന്നും പ്രതീക്ഷിക്കാഞ്ഞതിനാലും അഡ്രസ്സ് വയ്ക്കാതെയാണ് കത്തയച്ചത്. എന്നാൽ ഊമ കത്ത് എന്ന തരത്തിൽ വായിക്കപ്പെടാതിരിക്കാൻ ഇമെയിൽ അഡ്രസ്സ് വെച്ചിരുന്നു. പിതാവിന് കത്തയച്ചവർക്കൊന്നും മറുപടി ലഭിക്കാതിരുന്നിട്ടില്ല എന്ന സത്യം ആഴ്‌ചകൾക്കകം ഇമെയിൽ ആയി എന്നെ തേടിയെത്തി!
മാർത്തോമ്മാ സ്ലീവായെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി ഏതാനും വർഷങ്ങൾ മുൻപായിരുന്നു പിതാവുമായി അവസാനമായി സംസാരിച്ചത്. ഏറെ സ്നേഹത്തോടെ, അതിലേറെ വിഷമത്തോടെ, സ്ലീവാ വിവാദത്തെക്കുറിച്ച് വ്യക്തവും ലളിതവുമായി പിതാവ് സംസാരിച്ചത് ഓർക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാർ സ്ലീവായെയും പിതാവിനെയും ചെളി വാരിയെറിഞ്ഞവർക്ക് കാലം മാപ്പ് നൽകട്ടെ!
ആരായിരുന്നു മാർ പൗവ്വത്തിൽ
മാർത്തോമ്മാ നസ്രാണി പാരമ്പര്യത്തിൽ മെത്രാന്മാർ സന്യാസികളായിരുന്നു, പ്രാർത്ഥനയുടെ മനുഷ്യരായിരുന്നു. അവർ പട്ടം കൊടുക്കുക, പള്ളിക്കൂദാശ നടത്തുക തുടങ്ങിയ ആത്മീയ കാര്യങ്ങളിൽ മുഴുകുമ്പോൾ ഭൗതിക ഭരണം കയ്യാളിയിരുന്നത് ജാതിക്ക് കർത്തവ്യന്മാരായ അർക്കദിയാക്കോന്മാർ ആയിരുന്നു. സിറോ മലബാർ സഭയുടെ ഭരണ ക്രമത്തിൽ ഈ രണ്ട് ഉത്തരവാദിത്വങ്ങളും മെത്രാന്മാരിൽ സമ്മേളിക്കുമ്പോൾ ഈ രണ്ട് സ്വഭാവ സവിശേഷതകളും ചേർന്ന നേതാക്കന്മാരെ ലഭിക്കുകയെന്നത് അത്യന്തം ദുഷ്ക്കരമാകുന്നു. എന്നാൽ, മെത്രാപ്പോലീത്തായുടെ വിശുദ്ധിയും അർക്കദിയാക്കോന്റെ നേതൃ പാടവവുമുള്ള ഒരു മെത്രാപ്പോലീത്ത സിറോ മലബാർ സഭയിൽ ഉണ്ടായിരുന്നുവെന്ന് മാർ പൗവ്വത്തിലിനെ ചൂണ്ടിക്കാട്ടി സംശയലേശമന്യേ പറയാൻ സാധിക്കും. സീറോ മലബാർ സഭയുടെ ചരിത്രത്തെ തനിക്ക് മുൻപും ശേഷവുമായി വിഭജിക്കാൻ കെൽപ്പുള്ള ഒരു മെത്രാൻ ഈ സഭയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാർ ജോസഫ് പൗവ്വത്തിലാണ്.
അടിമുടി ലത്തീനികരിക്കപ്പെട്ട ഒരു സഭയിൽ നിന്ന് പൗരസ്ത്യ സുറിയാനി പാരമ്പര്യങ്ങളിലേക്ക് സീറോ മലബാർ സഭ പിച്ചവച്ചത് മാർ പൗവ്വത്തിലിന്റെ കൈപിടിച്ചാണ്. സീറോ മലബാർ സഭ എന്തായിരിക്കണമെന്ന വ്യക്തമായ ബോധ്യങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനു വേണ്ടി വീറോടെ ശബ്ദമുയർത്താനും എന്ത് ത്യാഗം സഹിക്കാനും അദ്ദേഹം എന്നും തയ്യാറായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവനായി വ്യാപിച്ചുകിടന്ന സഭയെ അതിർത്തികൾ നിശ്ചയിച്ച് കേരളത്തിനുള്ളിൽ ഒതുക്കിയതുവഴി സ്വന്തം സഭയുടെ അജപാലനവും വിശ്വാസ പരിശീലനവും നഷ്ടമായ പ്രവാസികൾക്കായും മിശിഹായുടെ സുവിശേഷം ലോകമെങ്ങും അറിയിക്കാനായി മാതൃ സഭ വിട്ടു ലത്തീൻ സഭയിൽ ചേരേണ്ടി വരുന്ന ദുരവസ്ഥയെക്കുറിച്ചും ലഭ്യമായ വേദികളിലെല്ലാം മാർ പവ്വത്തിൽ ശബ്ദമുയർത്തി. സീറോ മലബാർ സഭയുടെ സ്വത്വം വീണ്ടെടുക്കുവാനും, ഭാരത സഭാ കൂട്ടായ്മയിൽ പൗരസ്ത്യ സഭകൾക്ക് അർഹമായ പരിഗണന നേടിയെടുക്കുവാനും മാതൃ സഭയുടെ നഷ്ടപ്പെട്ടുപോയ ദൈവാരാധനക്രമം പുനരുദ്ധരിക്കാനും പൗവ്വത്തിൽ പിതാവ് നടത്തിയ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു. ചെറിയ വിട്ടുവീഴ്ചകൾ നടത്തിയിരുന്നെങ്കിൽ കിട്ടുമായിരുന്ന വലിയ നേട്ടങ്ങൾ തൃണവൽക്കരിച്ചുകൊണ്ട് സ്വന്തം ബോധ്യങ്ങൾക്കായി മുൾക്കിരീടങ്ങൾ സന്തോഷത്തോടെ ഏറ്റുവാങ്ങിയ ഇതിഹാസ പുരുഷൻ!
വൈദികരുടെയും സെമിനാരിക്കാരുടെയും സന്യസ്തരുടെയും അല്മായരുടെയും പരിശീലനങ്ങൾക്ക്, കുടുംബ കൂട്ടായ്മകൾക്ക്, മതബോധനത്തിന് പിതാവ് നൽകിയ പ്രാധാന്യം ചങ്ങനാശേരി അതിരൂപതയെ മറ്റ് രൂപതകൾക്ക് മാതൃകയാകും വിധം സഭാത്മക ബോധ്യങ്ങളുള്ള, ആരാധനാക്രമ പരിജ്ഞാനമുള്ള, ചരിത്രാവബോധമുള്ള വിശ്വാസികളുടെ കൂട്ടായ്മയായി മാറ്റിയെന്നത് ചരിത്ര പുസ്തക താളുകളിൽ തങ്ക ലിപികകളാൽ എഴുതി ചേർക്കപ്പെടേണ്ട വസ്തുതയാണ്. പിതാവിന്റെ നിലപാടുകൾക്കും കാഴ്ചപ്പാടുകൾക്കും ചങ്ങനാശേരി അതിരൂപതയിൽ ഇത്രയേറെ സ്വീകാര്യത ഉണ്ടായതെങ്ങനെയെന്നതിന് മറ്റൊരുത്തരമില്ല.
എക്യൂമെനിസത്തിന്റെ ശ്ലീഹായായിരുന്നു മാർ പൗവ്വത്തിൽ. കാലത്തിന്റെ കുത്തൊഴുക്കിൽ ചിതറിക്കപ്പെട്ട മാർത്തോമ്മാ നസ്രാണികൾ ഒന്നിച്ച് മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു പിതാവ് മനസ്സിലാക്കിയതിന്റെ ഫലമായിരുന്നു ഓർത്തഡോക്സ് - യാക്കോബായ സഭകളുമായുള്ള ഡയലോഗുകളും നിലക്കൽ എക്യൂമെനിക്കൽ ട്രസ്റ്റും ഇന്റർ ചർച്ച് കൗൺസിൽ ഫോർ എഡ്യൂക്കേഷനുമെല്ലാം. സഹകരണങ്ങൾ സാധ്യമായ മേഖലകളിൽ അതുറപ്പാക്കുവാനും ഒത്തോരുമിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാകേണ്ടിടത്ത് അവയെടുക്കുവാനും മാർ പവ്വത്തിലിന്റെ നേതൃത്വത്തിൽ സാധിച്ചത് കേരള സഭയ്ക്ക് ആകമാനം നേട്ടമായി മാറി. മറ്റ് സമുദായ നേതാക്കന്മാരോടും ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിച്ച പൗവ്വത്തിൽ പിതാവ് പ്രതിസന്ധി ഘട്ടങ്ങളിൽ സഭാ നിലപാടുകൾക്ക് വിശാലമായ പിന്തുണ നേടിയെടുക്കുന്നതിലും വിജയിച്ചിരുന്നു.
മെത്രാനായി റോമിൽ നിന്ന് മടങ്ങിയെത്തുമ്പോൾ സ്വീകരണങ്ങൾ ഒന്നും വേണ്ടായെന്ന് അറിയിച്ച മാർ പൗവ്വത്തിലിന്റെ കൈകളിൽ സ്വീകരണത്തിനായി സ്വരുക്കൂട്ടിയ പണം ഏൽപ്പിക്കപ്പെട്ടു. ജാതി മത ഭേദമന്യേ അനേകർക്ക് ആലംബമായി, ചങ്ങനാശേരി അതിരൂപതയ്ക്ക് അഭിമാനമായി ഇന്നും തുടരുന്ന "ജീവ കാരുണ്യനിധി"യുടെ തുടക്കമായി അത് മാറി. അതേ വർഷം തന്നെ ആരംഭിച്ച ഇത്തിത്താനം ആശാ ഭവൻ മാനസിക വൈകല്യമുള്ള കുട്ടികൾക്കായി മധ്യ തിരുവിതാംകൂറിൽ ആരംഭിച്ച ആദ്യ സ്ഥാപനമായിരുന്നു. മാനസിക വൈകല്യമുള്ള കുട്ടികൾക്കായി 19 സ്‌പെഷ്യൽ സ്‌കൂളുകൾ, ഭിന്നശേഷിക്കാർക്കായി 4 വിദ്യാലയങ്ങൾ, ആരോരുമില്ലാത്ത കുട്ടികൾക്കായി അൽഫോൻസാ സ്നേഹനിവാസ്... കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശേരിയിലുമായി പിതാവ് തുടങ്ങി വെച്ച സാമൂഹ്യ വികസന പദ്ധതികൾ ആയിരക്കണക്കിന് കർഷകർക്ക് കൈത്താങ്ങായി മാറിയത് ചരിത്രം.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു മെത്രാൻ വേറെയില്ല. കോൺഗ്രസ്സ് സർക്കാരിനെതിരെ 1972 ൽ നടത്തിയ കോളേജ് സമരമാകട്ടെ, 2006 ൽ കമ്മ്യുണിസ്റ് സർക്കാരിനെതിരെ നടത്തിയ സ്വാശ്രയ സമരമാകട്ടേ, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് മാർ പൗവ്വത്തിൽ കാരണമായത്. ഭരണ പക്ഷവും പ്രതിപക്ഷവും ഐക്യകണ്ഠേന പാസാക്കിയ സ്വാശ്രയ കോളേജ് നിയമത്തിലെ ഭരണഘടനാ ലംഘനം ഒരു മെഡിക്കൽ കോളേജ് പോയിട്ട് എൻജിനിയറിങ് കോളേജ് പോലും ഇല്ലാതിരുന്ന ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷൻ ചൂണ്ടി കാണിക്കുമ്പോഴാണ് പ്രതിപക്ഷം പോലും മനസ്സിലാക്കുന്നതെന്നത് പിതാവിന്റെ ആഴമായ അറിവും നിതാന്ത ജാഗ്രതയും മറഞ്ഞിരിക്കുന്ന അപകടങ്ങൾ മുൻകൂട്ടി കാണാനുള്ള ദീർഘ വീക്ഷണവും വെളിവാക്കുന്നു. തലവരിപ്പണമോ കോഴയോ വാങ്ങാതെ സ്ഥാപനങ്ങൾ നടത്തി സംശുദ്ധമായ കൈകളും സുതാര്യമായ പ്രവർത്തനങ്ങളും ഏത് ആരോപണങ്ങളുടെയും മുനയൊടിക്കാൻ പോന്ന ഊർജ്ജമായിരുന്നു. പിതാവിന്റെ വിദ്യാഭ്യാസ മേഖലയിലെ ദീർഘ വീക്ഷണത്തിന് മകുടോദാഹരണങ്ങളാണ് ചങ്ങനാശേരി മീഡിയ വില്ലേജും പാലാ സിവിൽ സർവ്വീസ് അക്കാദമിയും പോലുള്ള സ്ഥാപനങ്ങൾ.
മിശിഹായുടെ ആദർശങ്ങൾക്കൊത്ത് സത്യ സഭയെ ധീരമായി നയിച്ച, ഏലിയായുടെ തീക്ഷ്ണതയോടും മോശയുടെ ധൈര്യത്തോടും കൂടെ ജീവിതകാലം മുഴുവൻ ശുശ്രൂഷ ചെയ്ത, സർപ്പങ്ങളെ പോലെ വിവേകിയും പ്രാവുകളെ പോലെ നിഷ്ക്കളങ്കനുമായ, അജഗണത്തിന്റെ രക്തത്തിനായി ദാഹിക്കുന്ന ചെന്നായ്ക്കൾ അവരെ ഉപദ്രവിക്കാതെ, തൊഴുത്തിൻ മുറ്റത്ത് വസിച്ച ഉറങ്ങാത്ത കാവൽക്കാരൻ! മാർത്തോമ്മാ നസ്രാണി സഭയ്ക്ക് ആത്മീയ നേതൃത്വം നൽകിയിരുന്ന വിശുദ്ധരായ മെത്രാന്മാരുടെയും ഭരണ നേതൃത്വം കയ്യാളിയിരുന്ന ധീരരായ അർക്കദിയാക്കോന്മാരുടെയും ഗുണഗണങ്ങൾ സമ്മേളിച്ച മഹാനായ മേല്പട്ടക്കാരൻ! അജ്ഞതയുടെയും അലസതയുടെയും അന്ധകാരത്തിൽ നിന്ന് അറിവിന്റെ പ്രകാശത്തിലേക്ക് ഭാരത സഭയെ, വിശിഷ്യാ മലബാർ സുറിയാനി സഭയെ കൈപിടിച്ച് നടത്താൻ ഉദിച്ചുയർന്ന ഭാഗ്യ താരകം! മാതൃ സഭയ്ക്കും സഭാ മക്കൾക്കും വേണ്ടി ആഗോള തലത്തിൽ മുഴങ്ങിക്കേട്ട ശബ്ദം. സഭയുടെ വിശ്വാസത്തിനും സമുദായത്തിന്റെ അവകാശങ്ങൾക്കുമായി ഭരണ സിരാ കേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ച ഇടിനാദം! സഭയോടൊപ്പം നടന്ന, സഭയ്ക്കുവേണ്ടി നടന്ന ഇടയശ്രേഷ്ഠൻ! നസ്രാണി സഭയുടെ അനിഷേധ്യ കിരീടം! "എനിക്ക് ജീവിക്കുക എന്നാൽ സഭയാണ്" എന്ന വാക്കുകൾ അക്ഷരം പ്രതി സ്വജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് സഭയുടെ നന്മയ്ക്കായ് നഷ്ടങ്ങൾ ഏറ്റുവാങ്ങിയ സഭാസ്നേഹി. മാർത്തോമാ ശ്ലീഹ പകർന്നു നൽകിയ, പൂർവ്വ പിതാക്കന്മാർ നെഞ്ചിലേറ്റിയ വിശ്വാസ പാരമ്പര്യങ്ങൾക്കായി സ്വയം ബലിയായി തീർന്ന വൈദിക ശ്രേഷ്ഠൻ! സഭാ സ്നേഹമുള്ള ഒരു തലമുറയ്ക്ക് പ്രചോദനവും വഴികാട്ടിയുമായ നല്ലിടയൻ! ആഴമായ പഠനങ്ങൾക്ക് ശേഷം മാത്രം പ്രസംഗിക്കുന്ന, പ്രസംഗിക്കുന്നതെല്ലാം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിക്കാണിച്ച, ഒരിക്കൽ പോലും എഴുതിയതും പറഞ്ഞതുമൊന്നും വെട്ടി തിരുത്തേണ്ടി വന്നിട്ടില്ലാത്ത, മാർ പൗവ്വത്തിലെന്ന മഹാ മേരുവിന്റെ പൈനായ്ക്കുള്ളിൽ സഭയും സമുദായവും എന്നും സുരക്ഷിതമായിരുന്നു! എത്ര പ്രതിസന്ധികളിൽ ആടിയുലഞ്ഞാലും മാർ പൗവ്വത്തിൽ കൂടെയുണ്ടെന്നത്, അദ്ദേഹത്തിന്റെ കൈകളിൽ എല്ലാം ഭദ്രമാകുമെന്നത് തെല്ലൊന്നുമല്ലായിരുന്നു ആശ്വാസം.
"സിറോ മലബാർ സഭയുടെ ചരിത്രത്തിലെ അതി നിർണ്ണായകമായ ഘട്ടത്തിൽ, വിശിഷ്യാ ഒരു വ്യക്തി സഭയെന്ന നിലയിലുള്ള വ്യക്തിത്വത്തിന്റെയും അവകാശങ്ങളുടെയും നീതി പൂർവ്വകമായ പുനഃസ്ഥാപനത്തിനു പിതാവ് നൽകിയ നേതൃത്വവും പിതാവിന്റെ പരിശ്രമങ്ങളും സീറോ മലബാർ സഭയുടെ തലമുറകൾ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കും. മെത്രാനും മെത്രാപ്പോലീത്തായുമായി പിതാവ് സഭയെ നയിച്ച നാളുകൾ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ഒട്ടനവധി വെല്ലുവിളികളും വിഷമതകളും നിറഞ്ഞതായിരുന്നു. ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്ന വെല്ലുവിളികൾ! കഠിനമെങ്കിലും ഉറച്ച തീരുമാനങ്ങൾ പിതാവ് കൈക്കൊണ്ടു. അതെല്ലാം ശരിയായിരുന്നു എന്നതിന് ഇന്ന് ചരിത്രം സാക്ഷി!"(കർദിനാൾ ടെലസ്ഫോർ പി. ടോപ്പോ, സി.ബി.സി.ഐ മുൻ അധ്യക്ഷൻ)
മാർ പവ്വത്തിൽ തലമുറ
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണശേഷം 2005 ൽ വത്തിക്കാൻ ലേഖകനായ മിമോ മുവോളോ രചിച്ച പ്രശസ്തമായ ഗ്രന്ഥമാണ് "ജോൺ പോൾ രണ്ടാമൻ തലമുറ". വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലഘട്ടത്തിൽ ജനിച്ച്, അദ്ദേഹത്തിന്റെ പഠനങ്ങളാൽ പാകപ്പെടുത്തപ്പെട്ട യുവ തലമുറയെയാണ് ജോൺ പോൾ രണ്ടാമൻ തലമുറയെന്ന് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്. പാശ്ചാത്യ സഭയുടെ ഭാവി പ്രതീക്ഷയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തലമുറയാണിത്. ഭാരത സഭയിൽ ഇതേപോലെ സർവ്വ മേഖലകളിലും നവമായ ഒരു പാത വെട്ടി തുറക്കുവാനും തന്റെ പഠനങ്ങളാലും, വാക്കുകളാലും പ്രവർത്തികളാലും തലമുറകളെ സ്വാധീനിക്കുവാനും സാധിച്ച ശക്തനും ധീരനും വിശുദ്ധനുമായ ഒരു മേൽപ്പട്ടക്കാരൻ ഉണ്ടെങ്കിൽ അത് മാർ പൗവ്വത്തിൽ ആണ്. ജോൺ പോൾ രണ്ടാമൻ പാപ്പ യുവാക്കളെ വിശ്വാസത്തോട് ചേർത്ത് നിർത്തിയപോലെ യുവാക്കളെ സഭയോട് ചേർത്ത് നിർത്തേണ്ട ആവശ്യകത മനസ്സിലാക്കിയ, അവരുടെ ഊർജ്ജം സമുദായത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തിയ മെത്രാനാണ് മാർ ജോസഫ് പൗവ്വത്തിൽ.
മാർ പൗവ്വത്തിൽ വഴി സഭയെ അറിയുവാനും സ്നേഹിക്കുവാനും ഭാഗ്യം സിദ്ധിച്ച തലമുറ! മാർ പൗവ്വത്തിലിന്റെ ധീരമായ ഇടപെടലുകൾ വഴി വിശ്വാസവും അവകാശങ്ങളും സംരക്ഷിക്കുവാൻ ഭാഗ്യം ലഭിച്ച തലമുറ! മാർ പൗവ്വത്തിലിന്റെ നിലപാടുകളിലൂടെ മാതൃസഭയെ കണ്ടെത്തിയ തലമുറ! മാർ പൗവ്വത്തിലിന്റെ രക്ത രഹിതമായ രക്തസാക്ഷിത്വത്തിലൂടെ മാതൃ സഭയുടെ തനിമയിൽ ദൈവാരാധന നടത്താൻ ഭാഗ്യം സിദ്ധിച്ച തലമുറ! മാർ പൗവ്വത്തിലിന്റെ പാവങ്ങളോടുള്ള കരുതലിന്റെ, പാർശ്വ വൽക്കരിക്കപ്പെട്ടവരോടുള്ള കാരുണ്യത്തിന്റെ, കാർഷിക മേഖലയോടുള്ള പ്രതിബദ്ധതയുടെ, വിദ്യാഭ്യാസ മേഖലയിലെ നീതിപൂർവകമായ ഇടപെടലുകളുടെ ഗുണഫലങ്ങൾ അനുഭവിക്കുവാൻ ഭാഗ്യം സിദ്ധിച്ച തലമുറ! അതാണ് മാർ പൗവ്വത്തിൽ തലമുറ. ലോകമെങ്ങും പടർന്ന് പന്തലിക്കുന്ന ഭാരത സുറിയാനി സഭയുടെ പ്രതീക്ഷയാണ് ഈ തലമുറ. ചരിത്രത്തിൽ ഇന്നോളം, സീറോ മലബാർ സഭയിൽ മറ്റൊരു മെത്രാനും ലഭിച്ചിട്ടില്ലാത്ത വിധം, ഇനിയൊരു മെത്രാനും ലഭിക്കാനിടയില്ലാത്ത വിധം, രാജകീയമായി മാർ പൗവ്വത്തിലിനെ യാത്രയാക്കിയത് ഈ മാർ പവ്വത്തിൽ തലമുറയാണെന്നതിൽ പരം എന്ത് തെളിവാണ് ഈ തലമുറയുടെ കൈകളിൽ ഈ സഭ സുരക്ഷിതമെന്ന് കരുതാൻ വേണ്ടത്.
മാർ പൗവ്വത്തിൽ യുഗം അവസാനിച്ചുവെങ്കിലും സഭയ്ക്കും സമൂഹത്തിനുമായി ആറു പതിറ്റാണ്ടുകൾ മുഴങ്ങിയ ആ ശബ്ദത്തിനു മരണമില്ല! അനേകായിരങ്ങൾക്ക് പ്രചോദനമായി, വഴികാട്ടിയായ് ആ ശബ്ദത്തിന്റെ അലയൊലികൾ തലമുറകളോളം നിലനിൽക്കും. പിതാവിനെ പോലെ വ്യക്തി ബന്ധങ്ങൾ സൂക്ഷിക്കുന്ന, നിതാന്ത ജാഗ്രതയുള്ള, എനിക്ക് ജീവിക്കുക സഭയാണെന്ന് ആത്മാർത്ഥമായി പറയാൻ സാധിക്കുന്ന, ആഴമായ പഠനങ്ങളുടെ വെളിച്ചത്തിൽ സംസാരിക്കുന്ന, പറയേണ്ടത് പറയുന്ന, പറയേണ്ടത് മാത്രം പറയുന്നവരായിമാറാനുള്ള വലിയ ഉത്തരവാദിത്വം തലമുറകൾക്ക് കൈമാറിയാണ് പൗവ്വത്തിൽ പിതാവ് വിടപറയുന്നത്.
നീതിമാന്റെ ഓർമ്മ വാഴ്വിനായ് തീരട്ടെ!
ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.