ആഗ്ര: ഏകസാക്ഷിയായി വളര്‍ത്തുതത്ത മാത്രമുണ്ടായിരുന്ന കേസില്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഇത്തരം വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യത്തേതാണ്.
ആഗ്രയിലെ പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് വിജയ് ശര്‍മ്മയുടെ ഭാര്യ നീലം ശര്‍മ്മ 2014 ഫെബ്രുവരി 20 ന് സ്വന്തം വീട്ടില്‍ വച്ച് കൊല്ലപ്പെട്ട സംഭവത്തിലാണ് വിധി. കൊലപാതകത്തെത്തുടര്‍ന്ന് അവരുടെ വീട് കൊള്ളയടിക്കപ്പെട്ടിരുന്നു. പൊലീസ് ആവുന്നത് ശ്രമിച്ചിട്ടും ഒരു തുമ്പും കിട്ടിയിരുന്നില്ല. പക്ഷെ വിജയ് ശര്‍മ്മയുടെ വളര്‍ത്തു തത്ത ശര്‍മ്മയുടെ അനന്തരവന്റെ പേര് വിളിച്ച് പറയുന്നത് ശ്രദ്ധയില്‍ പെട്ടതാണ് കേസില്‍ വഴിത്തിരിവായത്.
തത്തയുടെ കരച്ചില്‍ കേട്ട് സംശയം തോന്നിയ വിജയ് ശര്‍മ്മ മരുമകനെ ചോദ്യം ചെയ്യാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. സുഹൃത്ത് റോണി മാസിയുടെ സഹായത്തോടെയാണ് നീലത്തെ കൊലപ്പെടുത്തിയതെന്ന് അനന്തരവന്‍ ആഷു എന്ന അശുതോഷ് സമ്മതിച്ചു.
കൊലപാതകം നടന്ന് ഒന്‍പത് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം, ആഷുവിന്റെ കുറ്റസമ്മത മൊഴിയുടെയും തുടര്‍ന്നുള്ള തെളിവുകളുടെയും അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ജഡ്ജി മുഹമ്മദ് റാഷിദ് പ്രതികളായ ആഷുവിനും റോണിക്കും ജീവപര്യന്തം തടവും 72,000 രൂപ പിഴയും വിധിച്ചു.
2014 ഫെബ്രുവരി 20 നായിരുന്നു കേസിനു ആസ്പദമായ സംഭവം. അന്ന് വിജയ് ശര്‍മ്മ മകന്‍ രാജേഷിനും മകള്‍ നിവേദിതയ്ക്കുമൊപ്പം ഫിറോസാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുക്കുകയായിരുന്നു. ഭാര്യ നീലം വീട്ടിലും. രാത്രി വൈകി തിരിച്ചെത്തിയ വിജയും മകനും ഭാര്യയുടെയും വളര്‍ത്തുനായയുടെയും മൃതദേഹമാണ് കണ്ടത്. മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം വിജയ് ശര്‍മ്മയുടെ വളര്‍ത്തു തത്ത ഹെര്‍ക്യൂള്‍ ഭക്ഷണമൊക്കെ നിര്‍ത്തി നിശബ്ദനായി. ഇതോടെ കൊലപാതകത്തിന് തത്ത ദൃക്സാക്ഷിയാകാമെന്ന് ശര്‍മ്മക്കു സംശയം തോന്നി.
തത്തയുടെ മുന്നില്‍ വെച്ച് സംശയിക്കുന്നവരുടെ പേരുകള്‍ ഓരോന്നായി അദ്ദേഹം ഉരുവിട്ടു. പക്ഷി ആഷുവിന്റെ പേര് കേട്ട് ഭയന്ന് ''അഷു-ആഷു'' എന്ന് അലറാന്‍ തുടങ്ങി. പൊലീസിന്റെ മുന്നില്‍ പോലും ആഷുവിന്റെ പേരിനോട് തത്ത ഇതേ പ്രതികരണം നടത്തിയപ്പോള്‍ ഇയാളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇത് പൊലീസ് അന്വേഷണത്തില്‍ സൂചിപ്പിച്ചിരുന്നു.
ആഷു എന്ന അശുതോഷ് വീട്ടില്‍ വന്ന് പോകാറുണ്ടായിരുന്നു. അവിടെ വര്‍ഷങ്ങളോളം താമസിച്ചിരുന്നതുമാണ്. അശുതോഷിന് എംബിഎ ബിരുദം പഠിക്കാന്‍ വിജയ് ശര്‍മ്മ ആയിരുന്നു ഫീസ് നല്‍കിയിരുന്നത്. വീട്ടില്‍ ആഭരണങ്ങളും പണവും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അഷുവിന് അറിയാമായിരുന്നു. വളര്‍ത്തുനായയെ കത്തികൊണ്ട് ഒമ്പത് തവണയും നീലത്തെ 14 തവണയും കുത്തിയിരുന്നു.
കേസില്‍ ഉടനീളം തത്തയെ പരാമര്‍ശിച്ചെങ്കിലും തെളിവായി ഹാജരാക്കിയിരുന്നില്ല. ഇന്ത്യന്‍ എവിഡന്‍സ് ആക്ടില്‍ അങ്ങനെയൊരു വ്യവസ്ഥയില്ല എന്നതാണ് കാരണം. സംഭവം നടന്ന് ആറ് മാസത്തിന് ശേഷം തത്ത ചത്തു പോകുകയായിരുന്നു. 2020 നവംബര്‍ 14 ന് കോവിഡ് സമയത്ത് വിജയ് ശര്‍മ്മയും മരിച്ചു.
അശുതോഷിനെ തൂക്കിക്കൊല്ലണം എന്നാണ് വിജയശര്‍മ്മയുടെ മകള്‍ നിവേദിത പറയുന്നത്. അതിനായി സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുക്കാന്‍ ഒരുങ്ങുകയാണ് അവര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.