സംസ്ഥാന സർക്കാരിനും കിട്ടി ഹരിത ട്രിബ്യൂണലിന്റെ പിഴ; വേമ്പനാട്, അഷ്ടമുടി കായൽ മലിനീകരണത്തിൽ പത്ത് കോടി നൽകണം

സംസ്ഥാന സർക്കാരിനും കിട്ടി ഹരിത ട്രിബ്യൂണലിന്റെ പിഴ; വേമ്പനാട്, അഷ്ടമുടി കായൽ മലിനീകരണത്തിൽ പത്ത് കോടി നൽകണം

തിരുവനന്തപുരം: കൊച്ചി കോർപറേഷന് പിന്നാലെ സംസ്ഥാന സർക്കാരിനും ദേശീയ ഹരിത ട്രിബ്യൂണൽ പിഴ വിധിച്ചു. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയുന്നതിൽ നടപടിയെടുക്കാത്തതിന് 10 കോടി രൂപയാണ് പിഴ വിധിച്ചത്.

തുക ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പുവരുത്തുകയും ആറ് മാസത്തിനുള്ളിൽ ശുചീകരണത്തിനുള്ള കർമപദ്ധതി നടപ്പാക്കുകയും അതിനുള്ളിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് പിഴത്തുക ഈടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പരിസ്ഥിതി പ്രവർത്തകനായ കെ.വി. കൃഷ്ണദാസ് നൽകിയ കേസിൽ ഹരിത ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചെയർമാൻ ജസ്റ്റിസ് ആദർശ്കുമാർ ഗോയൽ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിഷയവിദഗ്ധൻ ഡോ. എ. സെന്തിൽവേൽ എന്നിവരുൾപ്പെട്ടതാണ് ബെഞ്ച്.

തണ്ണീർത്തടങ്ങൾ കൂടിയായ രണ്ടു കായലുകൾക്കും ചുറ്റുമുള്ള സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും മാലിന്യ സംസ്കരണത്തിനു നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയതായി ട്രിബ്യൂണൽ വിലയിരുത്തി. 100 മില്ലിലിറ്റർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ എണ്ണം അഞ്ഞൂറിൽ താഴെയായിരിക്കണം. എന്നാൽ ഇരുകായലുകളിലെയും വെള്ളം പരിശോധിച്ചപ്പോൾ 2500 ൽ അധികമാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. 

കായൽ മലിനീകരണത്തിനെതിരേയുള്ള കേസ് 2022 ഫെബ്രുവരി 28 ന് സുപ്രീം കോടതി പരിഗണിച്ചപ്പോൾ മാലിന്യപ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടു നിർദേശിച്ചിരുന്നു. ഹരിത ട്രിബ്യൂണലിന്റെ മാർഗരേഖ പ്രകാരം നടപടിയെടുക്കണമെന്നും നിർദേശിച്ചിരുന്നു. 

അതനുസരിച്ച് ബോധവത്കരണം നടത്തിയെന്നും മാലിന്യ നിയന്ത്രണ സംവിധാനമൊരുക്കാത്തതിന് ഹൗസ് ബോട്ടുകൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ, വ്യവസായസ്ഥാപനങ്ങൾ എന്നിവയ്ക്ക്‌ നോട്ടീസ് നൽകിയെന്നും സർക്കാർ അറിയിച്ചെങ്കിലും ട്രിബ്യൂണലിനു തൃപ്തികരമായില്ല.

വേമ്പനാട്, അഷ്ടമുടി കായലുകളുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കോർപ്പറേഷനുകൾ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവയെല്ലാം മലിനീകരണത്തിന്‌ ഉത്തരവാദികളാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.