36 ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി ഐ.എസ്.ആർ.ഒയുടെ ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ വിക്ഷേപിച്ചു

36 ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി ഐ.എസ്.ആർ.ഒയുടെ ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ വിക്ഷേപിച്ചു

ചെന്നൈ: ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ 'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ.) ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍.വി.എം-3) ബഹിരാകാശത്തേക്ക് കുതിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃതരൂപമായ എല്‍.വി.എം-3 വണ്‍വെബിനുവേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. 

5805 കിലോഗ്രാം ഭാരം വരുന്ന ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. ഒക്ടോബര്‍ 23 ന് നടന്ന വാണിജ്യാധിഷ്ഠിത ആദ്യ വിക്ഷേപണത്തില്‍ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു.

ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സംരംഭങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള ബൃഹദ് പദ്ധതിയാണ് ഇന്ത്യയിലെ ഭാരതി എന്റര്‍പ്രൈസസിന് പങ്കാളിത്തമുള്ള വണ്‍ വെബിന്റേത്. 

ഇതിന് മുമ്പ് നടന്ന 17 ദൗത്യങ്ങളിലൂടെ 582 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വിന്യസിച്ചുകഴിഞ്ഞു. ഇന്നത്തെ വിക്ഷേപണത്തോടെ ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി ഉയര്‍ന്നു. 

ഇതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാവുമെന്നും ഈവര്‍ഷം തന്നെ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ തുടങ്ങുമെന്നും വണ്‍ വെബ് അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.