തിരുവനന്തപുരം: ഭാര്യയെ വിദേശത്ത് കൊണ്ടുപോകാനായി ഭാര്യാപിതാവില്‍ നിന്നു മരുമകന്‍ എഴുതിവാങ്ങിയ ഭൂമിയുടെ ആധാരം കോടതി അസ്ഥിരപ്പെടുത്തി. ആറ്റിങ്ങല്‍ കുടുംബ കോടതിയുടേതാണ് നടപടി. കഴക്കൂട്ടം സ്വദേശിയായ യുവതിയും കേശവദാസപുരം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹ മോചനക്കേസിലാണ് ജഡ്ജി എസ്.സുരേഷ്‌കുമാര്‍ പ്രമാണം അസ്ഥിരപ്പെടുത്തിയത്.
വരന്റെയും മാതാപിതാക്കളുടെയും ആവശ്യപ്രകാരം പെണ്‍കുട്ടിയ്ക്ക് വിവാഹസമയത്ത് 200 പവന്റെ ആഭരണങ്ങളും പത്തുലക്ഷം രൂപയും ഒന്നേകാല്‍ലക്ഷം രൂപ വിലയുള്ള വാച്ചും 15 ലക്ഷം രൂപ വിലയുള്ള കാറും പാരിതോഷികമായി നല്‍കിയിരുന്നു. കാറിന്റെ ഉടമസ്ഥാവാകാശം വിവാഹത്തിനു മുമ്പു തന്നെ യുവാവ് തന്റെ പേരിലേക്ക് മാറ്റിയിരുന്നു.
വിവാഹശേഷം യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോകണമെങ്കില്‍ യുവതിയുടെ പിതാവിന്റെ പേരില്‍ കഴക്കൂട്ടം വില്ലേജില്‍ ഉള്‍പ്പെട്ട കോടികള്‍ വിലവരുന്ന 47 സെന്റ് ഭൂമി സ്വന്തം പേരില്‍ എഴുതി നല്‍കണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഭൂമി എഴുതി നല്‍കിയത്. തുടര്‍ന്ന് നിരന്തരം പീഡനമുണ്ടാവുകയും യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെയും മാതാപിതാക്കളെയും പിതൃസഹോദരനെയും പ്രതികളാക്കി കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഹര്‍ജിക്കാരിയുടെ 200 പവന്‍ സ്വര്‍ണാഭരണങ്ങളും കാറിന്റെ വിലയായ 15 ലക്ഷം രൂപയും സമ്മാനം വാങ്ങിയ പത്തുലക്ഷം രൂപയും വാച്ചിന്റെ വിലയും തിരിച്ചുകൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഭാര്യാപിതാവില്‍ നിന്ന് എഴുതി വാങ്ങിയ ഭൂമിയുടെ മേല്‍ യുവതിയുടെ ഭര്‍ത്താവിന്റെ അവകാശം റദ്ദാക്കുകയും പ്രമാണച്ചെലവിന്റെ 4.75 ലക്ഷം രൂപ അയാള്‍ ഹര്‍ജിക്കാരിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. സ്ത്രീധനമാവശ്യപ്പെട്ടതിനും യുവതിയെ പീഡിപ്പിച്ചതിനും യുവാവിനും മാതാപിതാക്കള്‍ക്കും എതിരേ മണ്ണന്തല പൊലീസ് ക്രിമിനല്‍ക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.