ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്‌കും ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ സഭയിലെത്തിയത്.
രാഹുലിനെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്. ഇതോടെ ലോക് സഭ നാല് മണി വരെയും രാജ്യസഭ രണ്ട് വരെയും നിര്‍ത്തിവച്ചു.
പാര്‍ലമെന്റിന് മുന്നില്‍ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ ചേര്‍ന്ന സംയുക്ത പ്രതിപക്ഷ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.
ജനപ്രതിനിധികളെ ശിക്ഷിച്ചാലുടന്‍ സഭയിലെ അംഗത്വം റദ്ദാക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രണ്ട് വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അപ്പീല്‍ നല്‍കാനുള്ള സാവകാശം ജനപ്രതിനിധിക്ക് നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അപകീര്‍ത്തി കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ലോക് സഭാ അംഗത്വം റദ്ദാക്കിയ സാഹചര്യവും വ്യക്തമാക്കുന്നുണ്ട്. മലപ്പുറം സ്വദേശിയും ഡല്‍ഹിയില്‍ ഗവേഷകയുമായ ആഭാ മുരളീധരനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ചു കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.