കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍; സര്‍ക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി

കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍; സര്‍ക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. പൊളിക്കല്‍ പൂര്‍ത്തിയാക്കില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജി തുടരേണ്ടതില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ചീഫ് സെക്രട്ടറിക്കും സംസ്ഥാന സര്‍ക്കാരിനും എതിയുള്ള കോടതിയലക്ഷ്യ നടപടിയാണ് ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ച് അവസാനിപ്പിച്ചത്. പൊളിക്കല്‍ അവസാനഘട്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം.

നേരത്തെ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. റിസോര്‍ട്ടിലെ 55 കെട്ടിടങ്ങളില്‍ 54 ലും പൊളിച്ചെന്നും പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

പ്രധാന കെട്ടിടം വലിയ കെട്ടിടമായതിനാല്‍ പൊളിക്കല്‍ തുടരുകയാണ് പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലാണ് പൊളിക്കല്‍ എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

നടക്കുന്നത് രാപ്പകല്‍ നീളുന്ന പൊളിക്കല്‍ നടപടികള്‍ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞതവണ ഹര്‍ജി പരിഗണിക്കേവെ പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു.

മാര്‍ച്ച് 28 നകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയ തുരുത്ത് ദ്വീപില്‍ നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് 2020 ജനുവരി പത്തിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിട്ടം പൊളിച്ചു കളയാനുള്ള ഹൈക്കോടതി വിധി ശരിവച്ചാണ് സുപ്രീംകോടതി ഉത്തരവിട്ടത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.