ദുബായ്: യുഎഇയിലും വിദേശത്തുമുളള അശരണർക്കും അവശതയനുഭവിക്കുന്നവർക്കുമായി മൂന്ന് ദശലക്ഷം ഭക്ഷണവും ഭക്ഷണപ്പൊതികളും നല്‍കാനുളള ക്യാംപെയിന്‍ യുഎഇ ഫുഡ് ബാങ്ക് തുടരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ പത്നി ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്‍റെ നിർദ്ദേശപ്രകാരമാണ് റമദാന്‍ മാസത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.
ഭക്ഷണം വിതരണം ചെയ്യുന്നതിന് പുറമെ ആഹാരം പാഴാക്കുന്നത് കുറയ്ക്കുക, യുഎഇക്ക് അകത്തും പുറത്തും ആവശ്യമുള്ളവർക്ക് ഉപജീവനം നൽകുകയെന്നുളളതും ബാങ്ക് ലക്ഷ്യമിടുന്നു. അർഹരായവർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നൽകുന്ന മാനുഷിക സംരംഭങ്ങളാണ് ലക്ഷ്യമെന്ന് ബോർഡ് ഓഫ് ട്രസ്റ്റീസ് ഡെപ്യൂട്ടി ചെയർമാന്‍ ദാവൂദ് അല്‍ ഹജ് രി പറഞ്ഞു. സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണത്തെ എണ്ണകളും കാർഷിക വളങ്ങളും ആക്കി മാറ്റുന്ന റീസൈക്ലിംഗ് ബിസിനസുകളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും ബാങ്കിനുണ്ട്. യുഎഇ സുസ്ഥിരതാവർഷത്തോട് ചേർന്നുനിന്നുകൊണ്ടാണ് സംരംഭങ്ങള്‍ ഒരുക്കിയിട്ടുളളത്.
സമൂഹത്തിന്‍റെ വിവിധ തുറകളിലുളളവരില്‍ ഉത്തരവാദിത്തവും സന്നദ്ധപ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതായി ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർമെന്‍റുമായി സഹകരിച്ച് യുവർ ഹരീസ് ഓൺ അസ് സംരംഭവും നടപ്പിലാക്കിയിട്ടുണ്ട്. പരമ്പരാഗത എമിറാത്തി വിഭവമായ ഹാരിസിന്‍റെ ഒരു ഭാഗമെങ്കിലും എടുത്തുവയ്ക്കാനും ഇഫ്താർ ടെന്‍റുകളില്‍ വിതരണം ചെയ്യാനും ഈ സംരംഭം റസ്റ്ററന്‍റുകളെ പ്രോത്സാഹിപ്പിക്കുന്നു. റസ്റ്ററന്‍റുകളുടെ തെരഞ്ഞെടുപ്പടക്കമുളള കാര്യങ്ങളില്‍ യുഎഇ ഫുഡ് ബാങ്ക് മേല്‍ നോട്ടം വഹിക്കും. ഭക്ഷണം വിതരണം ചെയ്യുന്നതിനും പദ്ധതിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് സംഭാവന നൽകുന്നതിനും ഭക്ഷണം ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നതിനും ഇഫ്താർ ടെന്‍റുകളുമായി ബാങ്ക് സഹകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.