അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്: മുഖ്യമന്ത്രിയടക്കമുള്ള നിരവധി പ്രമുഖര്‍ എത്തി; അനുശോചനമറിയിച്ച് പ്രധാനമന്ത്രി

അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്:  മുഖ്യമന്ത്രിയടക്കമുള്ള നിരവധി പ്രമുഖര്‍ എത്തി; അനുശോചനമറിയിച്ച് പ്രധാനമന്ത്രി

തൃശൂര്‍: മലയാളികളുടെ പ്രിയ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ പൊതുദര്‍ശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ എത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഭാര്യ കമലയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

വൈകുന്നേരത്തോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വീട്ടിലെത്തിച്ചു. നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

പ്രിയനടനെ അവസാനമായി കാണാന്‍ നൂറ് കണക്കിനാളുകളാണ് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ എത്തിയത്. രാവിലെ പതിനൊന്നര വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ജന്മനാടായ ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടുപോയയത്.

ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകന്‍, മുകേഷ്, കുഞ്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍, ബാബുരാജ്, സംവിധായന്‍ ലാല്‍ ജോസ്, മന്ത്രിമാരായ ആര്‍. ബിന്ദു, കെ. രാജന്‍, പി. പ്രസാദ്, സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരുള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിച്ചു.

ഇന്നസന്റിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. ആസ്വാദക ഹൃദയങ്ങളെ നര്‍മം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഞായറാഴ്ച രാത്രി പത്തരയ്ക്ക് എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. 700 ലധികം സിനിമകളില്‍ അഭിനയിച്ച ഇന്നസെന്റിന് 1989 ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പതിനെട്ടുവര്‍ഷം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. 2014 ല്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് പാര്‍ലമെന്റില്‍ എത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.