പണിമുടക്കി നയതന്ത്രജ്ഞരും; ഇന്ത്യ അടക്കം പല രാജ്യങ്ങളിലെയും ഇസ്രായേല്‍ എംബസികള്‍ അടയുന്നു: നെതന്യാഹു കൂടുതല്‍ പ്രതിരോധത്തില്‍

 പണിമുടക്കി നയതന്ത്രജ്ഞരും; ഇന്ത്യ അടക്കം പല രാജ്യങ്ങളിലെയും ഇസ്രായേല്‍ എംബസികള്‍ അടയുന്നു: നെതന്യാഹു കൂടുതല്‍ പ്രതിരോധത്തില്‍

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ ശക്തമാകുന്ന ജനകീയ സമരങ്ങളില്‍ ശക്തമായ നിലപാട് പ്രഖ്യാപിച്ച് ഇസ്രായേലിലെ ഏറ്റവും വലിയ ട്രെയ്ഡ് യൂണിയിന്‍ ഹിസ്ടാഡ്രുട് നാഷണല്‍ ലേബര്‍ യൂണിയന്‍.

ലോകമെമ്പാടും ഇസ്രായേലി ദൗത്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന നയതന്ത്രജ്ഞരുള്‍പ്പെടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജി വയ്ക്കണമെന്ന ആവശ്യമുയര്‍ത്തി പണിമുടക്ക് ആരംഭിച്ചതായി യൂണിയന്‍ അറിയിച്ചു.

ഒരു അറിയിപ്പുണ്ടാകുന്നത് വരെ അമേരിക്കയിലെ ഇസ്രായേല്‍ എംബസി  തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന്  ഇസ്രായേല്‍ എംബസി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഇസ്രായേല്‍ എംബസി പ്രവര്‍ത്തനം നിലച്ചു കഴിഞ്ഞു. അംബാസിഡര്‍ അടക്കം മുഴുവന്‍ ഉദ്യോഗസ്ഥരും പണി മുടക്കിലാണ്.

അടിയന്തര സേവനങ്ങള്‍ മാത്രമാണ് ഇസ്രായേല്‍ ദൗത്യങ്ങളില്‍ നിന്ന് നല്‍കി വരുന്നതെന്ന് ട്രേഡ് യൂണിയന്‍ വക്താവ് യാനിവ് ലെവി പറഞ്ഞു. അംബാസിഡര്‍മാരും കോണ്‍സുല്‍ ജനറല്‍മാരും പണി മുടക്കിലാണ്.

രാജ്യത്ത് ജഡ്ജിമാരെ നിയമിക്കുന്ന സമിതിയുടെ മേല്‍ സര്‍ക്കാരിന് നിര്‍ണായക അധികാരം നല്‍കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെയാണ് ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുന്നത്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ താത്പര്യങ്ങള്‍ക്കായാണ് ഈ നീക്കമെന്നാണ് എതിര്‍കക്ഷികളുടെ ആരോപണം.

എന്നാല്‍ കോടതികള്‍ അവരുടെ അധികാരങ്ങള്‍ മറികടക്കുന്നത് തടയുന്നതിനാണ് പുതിയ പരിഷ്‌കാരങ്ങള്‍ എന്നാണ് നെതന്യാഹുവിന്റെ നിലപാട്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചവര്‍ നെതന്യാഹുവിന്റെ വസതിയിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചു. ഇസ്രായേലി പതാകകളുമായി വസതിയിലെത്തിയ പ്രതിഷേധക്കാര്‍ ചെടിച്ചട്ടികളടക്കം തല്ലിപ്പൊട്ടിച്ചു.

തലസ്ഥാനമായ ടെല്‍ അല്‍വീവില്‍ ഇസ്രായേല്‍ പതാകയേന്തിയ പ്രതിഷേധക്കാര്‍ രണ്ട് മണിക്കൂറുകളോളം പ്രധാന ഹൈവേയില്‍ ഗതാഗതം തടസപ്പെടുത്തി. അതിനിടെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയ നെതന്യാഹുവിന്റെ നടപടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതോടെ ഇസ്രായേലില്‍ പതിനായിരങ്ങള്‍ തെരുവിലേക്കിറങ്ങി.

ജഡ്ജിമാരുടെ നിയമന രീതിയുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ നീക്കത്തോട് പരസ്യ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് ഗാലന്റിനെതിരായ നടപടിയും തുടര്‍ പ്രതിഷേധങ്ങളും. ജറുസലേമില്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപം പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ചെത്തിയതോടെ പൊലീസും സൈനികരും കൂട്ടമായി ഇറങ്ങി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ജഡ്ജിമാരുടെ നിയമനത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്രായേല്‍ ജനതയുടെ ഐക്യത്തിന് വേണ്ടി സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഐസക് ഹെര്‍സോഗ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.