ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാക്കിയ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷ ഐക്യത്തിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പ്രതിപക്ഷ നേതാക്കള്‍ക്കായി തിങ്കളാഴ്ച രാത്രി വിളിച്ച അത്താഴ വിരുന്നില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ രാഹുലിനെ അയോഗ്യനാക്കിയതിനെതിരേ തുടര്‍ സമര പരിപാടികള്‍ക്ക് ഒത്തൊരുമയോടെ നീങ്ങാന്‍ തീരുമാനിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. രണ്ട് മാസത്തെ സമരപരിപാടികള്‍ സ്വന്തമായും കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നുണ്ട്.
രാഹുലിന്റെ സവര്‍ക്കര്‍ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം അത്താഴ വിരുന്നില്‍ നിന്ന് വിട്ടുനിന്നെങ്കിലും തുടര്‍ സമരങ്ങളില്‍ അവരും പങ്കെടുക്കും. സാധാരണയായി കോണ്‍ഗ്രസ് വിളിക്കുന്ന യോഗങ്ങളില്‍ പങ്കുചേരാതിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കളടക്കം ഇന്നലെ എത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച കേസില്‍ കരുതലോടെ നീങ്ങാനും കോണ്‍ഗ്രസ് തീരുമാനിച്ചു. സുപ്രീം കോടതിവരെ നീണ്ടേക്കാവുന്ന കേസായതിനാല്‍ സൂക്ഷ്മതയോടെ പഠിച്ച് അപ്പീല്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.
കേസിന്റെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അഞ്ചംഗസമിതിയിലെ അഭിഷേക് മനു സിങ്വി, പി. ചിദംബരം, വിവേക് ടംഖ, സല്‍മാന്‍ ഖുര്‍ഷിദ്, കേസ് നടത്തുന്ന അഡ്വ. ആര്‍.എസ്. ചീമ എന്നിവര്‍ ഒന്നിലധികം തവണ ഇതിനകം കൂടിയാലോചന നടത്തി. കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കപില്‍ സിബലിനെ ഇതിനായി ഉപയോഗപ്പെടുത്താനും ശ്രമമുണ്ട്.
അതിനിടെ, തിരഞ്ഞെടുപ്പ് കമ്മിഷന്‍ വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ രാഹുലിന് രക്തസാക്ഷി പരിവേഷം ലഭിക്കുമെന്ന് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു. അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കി രാഹുല്‍ 'രാഷ്ട്രീയ രക്തസാക്ഷി' പ്രതിച്ഛായയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രചാരണത്തിനിറങ്ങണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.