ന്യൂഡല്‍ഹി: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില വര്‍ധിക്കുന്നതിനിടെ മരുന്നുകളുടെ വിലയും കൂട്ടുന്നു. അവശ്യ മരുന്നുകളുടെ വില 12 ശതമാനം വര്‍ധിപ്പിക്കും എന്നാണ് പുറത്തു വരുന്ന വിവരം. വേദന സംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റി-ഇന്‍ഫെക്റ്റീവ്‌സ്, കാര്‍ഡിയാക് മരുന്നുകള്‍ എന്നിവയുടെ വില ഏപ്രില്‍ ഒന്നു മുതല്‍ കൂടും.
കഴിഞ്ഞ വര്‍ഷം നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) മൊത്തവില സൂചികയില്‍ 10.7 ശതമാനം മാറ്റം പ്രഖ്യാപിച്ചിരുന്നു. എല്ലാ വര്‍ഷവും 2013 ലെ ഡ്രഗ്സ് വില നിയന്ത്രണ ഓര്‍ഡര്‍ അനുസരിച്ച് മൊത്തവില സൂചികയിലുള്ള മാറ്റം എന്‍പിപിഎയാണ് പ്രഖ്യാപിക്കുന്നത്.
ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍, ഔഷധ വില നിയന്ത്രണ സ്ഥാപനമായ എന്‍പിപിഎ എല്ലാ വര്‍ഷവും മൊത്തവില സൂചിക അധിഷ്ഠിത വില മാറ്റത്തിന് വിധേയമാക്കുന്നു. അതാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നടപ്പിലാക്കുന്നത്. പുതിയ വില നിര്‍ണയം 800 ലധികം അവശ്യ മരുന്നുകളെയും മെഡിക്കല്‍ ഉപകരണങ്ങളെയും ബാധിക്കും.
സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പ്രകാരം മൊത്തവില സൂചികയിലെ വാര്‍ഷിക മാറ്റം 2022 ല്‍ 12.12 ശതമാനം ആയിരിക്കുമെന്ന് എന്‍പിപിഎയെ ഉദ്ധരിച്ച് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കളുടെയും ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെയും (എപിഐ) വിലയില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. എപിഐ മാത്രമല്ല, ചരക്ക്, പാക്കേജിംഗ് വിലകളും കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷം മൊത്തവില സൂചികയില്‍ 10.76 ശതമാനം വാര്‍ഷിക മാറ്റം എന്‍പിപിഎ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ ഭൂരിഭാഗം സാധാരണ രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലെ ഏകദേശം 800 മരുന്നുകളുടെ വിലയെ ഇത് ബാധിച്ചു. പനി, അണുബാധ, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച്ച എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയെയാണ് ഇത് ബാധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.