വാൾട്ട് ഡിസ്‌നി കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു; 7000 പേര്‍ക്ക് ജോലി നഷ്ടമാകും

വാൾട്ട്  ഡിസ്‌നി കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു; 7000 പേര്‍ക്ക് ജോലി നഷ്ടമാകും

സാന്‍ ഫ്രാന്‍സിസ്‌കോ: ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ഡിസ്നി. ആദ്യഘട്ടത്തില്‍ ഏഴായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച അറിയിപ്പ് വാള്‍ട്ട് ഡിസ്‌നി കമ്പനി സി.ഇ.ഒ ബോബ് ഇഗര്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് നല്‍കി.

ആമസോണ്‍, ട്വിറ്റര്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാരുടെ പാത പിന്തുടര്‍ന്നാണ് ഡിസ്‌നിയും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നത്. ചെലവ് ചുരുക്കാനും ബിസിനസില്‍ വര്‍ധനയുണ്ടാക്കാനുമാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ബോബ് ഇഗര്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നിലവില്‍ ഏകദേശം 1,90,000 ജീവനക്കാരാണ് ഡിസ്‌നിയിലുള്ളത്.

45,000 കോടി രൂപ ചെലവ് ചുരുക്കാനും ബിസിനസ് ലാഭകരമാക്കുന്നതിനും ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി ഫെബ്രുവരിയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. നാല് ഘട്ടങ്ങളിലായി പിരിച്ചുവിടല്‍ നടത്താനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ പുറത്താക്കുന്നവരുടെ ലിസ്റ്റ് അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ഇഗര്‍ പറയുന്നു. രണ്ടാംഘട്ട ജീവനക്കാരുടെ ലിസ്റ്റ് ഏപ്രിലില്‍ പുറത്തുവരും. ഈ ഘട്ടത്തില്‍ ആയിരത്തോളം ആളുകള്‍ക്കാകും ജോലി നഷ്ടമാകുക. തൊട്ടുപിന്നാലെ മൂന്നാം ഘട്ട പിരിച്ചുവിടലുമുണ്ടാകും.

2022 നവംബറിലാണ് മുന്‍ സിഇഒ ബോബ് ചാപെക്കില്‍ നിന്ന് കമ്പനിയുടെ സിഇഒ സ്ഥാനം ബോബ് ഇഗര്‍ ഏറ്റെടുക്കുന്നത്. തുടര്‍ന്നാണ് കമ്പനിയില്‍ പുനസംഘടന നടന്നത്. ഇതിന്റെ ഭാഗമായി ഡിസ്നിയില്‍ വന്‍ തോതില്‍ പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നു.

മെറ്റ, ആമസോണ്‍, യാഹൂ, ഡെല്‍, ഡിസ്നി, ഗൂഗിള്‍ തുടങ്ങി നിരവധി കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും പിരിച്ചുവിടല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അമേരിക്ക, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളില്‍ നിന്ന് 18,000ത്തോളം ജീവനക്കാരെ പുറത്താക്കുമെന്നാണ് ആമസോണ്‍ വ്യക്തമാക്കിയത്. മൈക്രോസോഫ്റ്റ് 1,000 ജീവനക്കാരെയും മെറ്റ 10,000 ജീവനക്കാരെയും പുറത്താക്കി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇനി കൂടുതല്‍ ആളുകളെ ജോലിക്ക് എടുക്കേണ്ട എന്ന് ആപ്പിള്‍ നിലപാട് എടുത്തതും ജീവനക്കാരെ പ്രതിസന്ധിയിലാക്കി. ഏറ്റവും ഒടുവില്‍ 19,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നല്‍കി ഐടി ഭീമന്‍ ആക്സെഞ്ചറും രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.