ഫാ. സോണി മുണ്ടുനടക്കൽ 
ലത്തീൻ സഭയുടെ  തിരുവനന്തപുരം അതിരൂപത മുൻ ആർച്ച് ബിഷപ്പായ സൂസൈപാക്യം പിതാവുമായി മാർ  ജോസഫ്  പൗവ്വത്തിൽ പുലർത്തിയ ബന്ധത്തെ കുറിച്ചും പൗവ്വത്തിൽ പിതാവിന്റെ സഭാല്മക ദർശനങ്ങളെക്കുറിച്ചും ആർച്ച് ബിഷപ്പ് സൂസൈപാക്യം പിതാവുമായി   ഫാ. സോണി മുണ്ടുനടക്കൽ  നടത്തിയ അഭിമുഖ സംഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.
ആർച്ച് ബിഷപ്പ്  സൂസൈപാക്യത്തിന്റെ വാക്കുകളിലൂടെ :   പല വേദികളിലും വച്ച്     പൗവ്വത്തിൽ പിതാവിനെ കാണാനും കേൾക്കാനും എനിക്ക് അവസരം ലഭിച്ചെങ്കിലും ആദ്യമായി അദ്ദേഹത്തോട് സംസാരിക്കാനും നേരിട്ട് അദ്ദേഹത്തെ പരിചയപ്പെടാനും സാധിച്ചത് ഞാൻ ഒരു മെത്രാനായതിനു ശേഷം മാത്രമാണ്. 1989 ഡിസംബർ രണ്ടാം തിയതിയാണ് എന്നെ മെത്രാതായി നിയമിച്ചുകൊണ്ടുള്ള പരിശുദ്ധ പിതാവിൻ്റെ കൽപ്പന പരസ്യപ്പെടുത്തിയത്. ഇതറിഞ്ഞ ഉടൻതന്നെ എന്നെ കാണാനും എനിക്ക് ആശംസകളർപ്പിക്കാനും വേണ്ടി ചങ്ങനാശേരിയിൽ നിന്ന് ദീർഘദൂരം യാത്ര ചെയ്ത് പൗവ്വത്തിൽ പിതാവ് തിരുവനന്തപുരം, മേനങ്കുളത്തുള്ള ഞങ്ങളുടെ മൈനർ സെമിനാരിയിലെത്തി. അതുവരെ ഞാൻ ദൂരെ നിന്ന് ആദരവോടും ബഹുമാനത്തോടുംകൂടി നോക്കിക്കാണ്ടിരുന്ന പൗവ്വത്തിൽ പിതാവ് എന്നെത്തേടി വന്നതു കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും കുറെയൊക്കെ അത്ഭുതവുമാണ്  എനിക്കനുഭവപ്പെട്ടത്. കുറെയേറെ നേരം പിതാവുമായി അന്ന് സംസാരിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു.
റോമിൽച്ചെന്ന് പരിശുദ്ധ പിതാവിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ച്  മടങ്ങിയെത്തിയ പൗവ്വത്തിൽ പിതാവിന് തിരുവന്തപുരത്ത് വച്ച് ഒരു സ്വീകരണം  നൽകുകയുണ്ടായി. അന്നാണ്  പിതാവിനെ ഞാൻ ആദ്യമായി കാണുന്നത്. അന്നു് പലരും അദ്ദേഹത്തെ  അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. വിനയും ലാളിത്യവും നിറഞ്ഞ പിതാവിൻ്റെ പെരുമാറ്റ രീതിയും സ്നേഹം നിറഞ്ഞ മനോഭാവവും  അർത്ഥസംപുഷ്ടമായ വാക്കുകളും അന്ന് അവിടെ കൂടിയിരുന്ന എല്ലാവരെയും ആകർഷിക്കുകയുണ്ടായി. പൗവ്വത്തിൽ പിതാവിൻ്റെ പ്രഭാഷണം ഞാൻ ആദ്യമായി കേൾക്കുന്നത്  ആലുവാ സെമിനാരിയിൽ അദ്ധ്യാപകനായും ആദ്ധ്യാത്മികഗുരുവായും ഞാൻ സേവനമനുഷ്ഠിച്ച അവസരത്തിലാണ്. മൈനർ സെമിനാരികളിലേയും മേജർ സെമിനാരി കളിലേയും  ആദ്ധ്യാത്മിക ഗുരുക്കന്മാരുടെയും ഒരു പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പിതാവ് സംസാരിക്കുകയായിരുന്നു. യേശുവിനെപ്പോലെ സഭയെ ആത്മാർത്ഥമായി സ്നേഹിക്കുകയും  സഭയ്ക്കു വേണ്ടി എന്തു ത്യാഗം സഹിക്കുവാനും സന്നദ്ധരാവുകയും ചെയ്യുന്ന വൈദികരെ വാർത്തെടുക്കുന്നതിലായിരിക്കണം ആദ്ധ്വാമിക ഗുരുക്കന്മാരുടെ ശ്രദ്ധ സർവ്വപ്രധാനമായും പതിയേണ്ടതെന്ന് പിതാവ് ഉദ്ബോധിപ്പിച്ചു. സഭാ ശുശ്രൂഷകർ ഒരിക്കലും  ഒരിക്കലും സഭയെ സ്വാർത്ഥതാൽപ്പര്യങ്ങൾ നേടിയെടുക്കാനുള്ള വേദിയായി കാണരുത്; പിന്നെയോ സഭയെ സ്വന്തമായിക്കരുതി ജീവനു തുല്യം സ്നേഹിക്കുന്നവരായിരിക്കണം. ഇതിന് സഹായിക്കുന്ന ഒരു പരിശീലനപദ്ധതിയാണ് ഇന്നത്തെ സെമിനാരികളുടെ ഏറ്റവും വലിയ ആവശ്യമെന്ന് പിതാവ് അന്ന് പറഞ്ഞത് ഇന്നും ഞാൻ വ്യക്തമായി ഓർമ്മിക്കുന്നുണ്ടു്.
ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.