രാഷ്ട്രീയത്തില്‍ മതം കലര്‍ത്താതിരുന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാകും: സുപ്രീം കോടതി

രാഷ്ട്രീയത്തില്‍ മതം കലര്‍ത്താതിരുന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാകും: സുപ്രീം കോടതി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ മതം കലര്‍ത്താതിരിക്കുകയും വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കാരണമാകുന്ന വിഷയങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാകുമെന്ന് സുപ്രീം കോടതി.

മതത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയും രാഷ്ട്രീയവും മതവും തമ്മില്‍ വേര്‍പെടുത്തുകയും ചെയ്യുന്ന നിമിഷം ഇത്തരം പ്രസംഗങ്ങള്‍ ഇല്ലാതാകുമെന്നും കോടതി പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

എന്തുകൊണ്ടാണ് ആളുകള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തതെന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വിനാഗരത്‌നയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. ഓരോ ദിവസവും മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ ടിവിയിലും പൊതുവേദിയിലും ഉള്‍പ്പെടെ വിവാദ പ്രസംഗങ്ങള്‍ നടത്തുന്നു.

എന്തുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മറ്റ് പൗരന്മാരെയോ സമുദായങ്ങളെയോ അപകീര്‍ത്തിപ്പെടുത്തില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ കഴിയാത്തതെന്നും കോടതി ചോദിച്ചു.

എന്താണ് സഹിഷ്ണുത? സഹിഷ്ണുത എന്നത് ആരോടെങ്കിലും പൊറുക്കലല്ല, മറിച്ച് വൈവിധ്യങ്ങള്‍ അംഗീകരിക്കുന്നതാണന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. കേസ് ഏപ്രില്‍ 28 ന് കോടതി വീണ്ടും പരിഗണിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.