വൈദിക കരിയറിസം ഒരു ബാധയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

വൈദിക കരിയറിസം  ഒരു ബാധയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ഇറ്റലിയിലെ കലാബ്രിയയിൽ നിന്നുള്ള സെമിനാരി വിദ്യാർത്ഥികൾ,വൈദിക മേലധ്യക്ഷന്മാർ, വൈദിക പരിശീലകർ എന്നിവരുമായി മാർച്ച് ഇരുപത്തിയേഴാം തീയതി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും വൈദിക പരിശീലനത്തെ കാലഘട്ടത്തിന്റെ അടയാളങ്ങളുമായി യോജിച്ചു കൊണ്ടുപോകുന്നതിന് ഐക്യത്തിലും സാഹോദര്യത്തിലും ഒരുമിച്ചു നടക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വൈദിക കരിയറിസം ഒരു ബാധയാണെന്ന് പാപ്പാ അവരെ ഓർമ്മപ്പെടുത്തി. "അവർ അവനോടൊപ്പം വസിച്ചു" എന്ന യോഹന്നാന്റെ സുവിശേഷത്തിലെ വചനത്തെ വിചിന്തനത്തിന് വിധേയമാക്കിയ ഫ്രാൻസിസ് പാപ്പാ ഈ തിരുവചനങ്ങൾ വൈദികരെ അവരുടെ പൗരോഹിത്യ ശുശ്രൂഷയുടെ അടിസ്ഥാന ഘടകത്തെ ഓർമിപ്പിക്കുന്നുവെന്നും ഇത് അവരുടെ വിളിയാണെന്നും ദൈവത്തിന്റെ സ്നേഹത്തിലും ദൈവത്തോടൊപ്പവും പാത നയിക്കണമെന്നും അനുസ്മരിപ്പിച്ചു.
കരിയറിസം എന്ന പകർച്ചവ്യാധിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവരെ ഓർമ്മിപ്പിച്ചു. "പുരോഹിതന്മാരിൽ ഉണ്ടാകാവുന്ന ലൗകികതയുടെ ഏറ്റവും വൃത്തികെട്ട രൂപങ്ങളിലൊന്നാണ് കരിയറിസം", പാപ്പാ തന്റെ ചിന്ത പങ്കുവെച്ചു.

അജപാലകർ വെറും ഉദ്യോഗസ്ഥരല്ല.
നിങ്ങൾ എന്താണ് അന്വേഷിക്കുന്നത് എന്ന് ശിഷ്യന്മാരെ നോക്കി ചോദിച്ച യേശുവചനത്തെ അനുസ്മരിച്ച പാപ്പാ പൗരോഹിത്യത്തിൽ എന്താണ് അന്വേഷിക്കുന്നതെന്ന് സ്വയം ചോദിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ ജനങ്ങളുടെ അജപാലകർ എന്ന നിലമറന്ന് ഫ്രഞ്ച് ദർബാറുകളിലേതു പോലെയുള്ള ഭരണകൂടത്തിന്റെ പുരോഹിതന്മാരായി മാറിയ പുരോഹിതന്മാരെ കാണുമ്പോൾ തനിക്ക് സങ്കടം ഉണ്ടെന്നും പാപ്പാ പറഞ്ഞു. പൗരോഹിത്യബോധം നഷ്ടപ്പെടുമ്പോൾ അത് മ്ലേച്ഛമാണ് എന്നും കൂട്ടിച്ചേർത്തു.
വൈദിക പരിശീലകർക്കുള്ള നിർദേശങ്ങൾ അവിടെ സന്നിഹിതരായിരുന്ന മെത്രാന്മാരോടു അവർ ഏത് തരത്തിലുള്ള സഭയാണ് സ്വപ്നം കാണുന്നതെന്നും അവരുടെ ആട്ടിൻകൂട്ടത്തിനായി ഏതുതരം പുരോഹിതന്മാരെയാണ് അവർ സങ്കൽപ്പിക്കുന്നതെന്നും സ്വയം ചോദിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. ഒരു പുരോഹിതന്റെ ശുശ്രൂഷയെക്കുറിച്ച് വിചിന്തനം ചെയ്യേണ്ടത് ഒരാവശ്യമാണെന്ന് പറഞ്ഞ പാപ്പാ ഒരു വൈദികൻ ഏകാന്ത ഇടയനായി ഇടവകയിൽ അടച്ചു കിടക്കേണ്ടവനല്ല എന്നും ഓർമ്മിപ്പിച്ചു. പൗരോഹിത്യ രൂപീകരണത്തെ കാലത്തിന്റെ അടയാളങ്ങളുമായി പൊരുത്തപ്പെടുത്തണമെന്നതിന്റെ വെളിച്ചത്തിൽ, "പുരോഹിത രൂപീകരണത്തെക്കുറിച്ച് വ്യക്തമായ തീരുമാനമെടുക്കാൻ" വൈദിക പരിശീലകരെ ക്ഷണിച്ചു.

മനുഷ്യ കുടുംബത്തിന്റെ ദുരിതങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെയും യേശുവിനെപ്പോലെ പിതാവായ ദൈവത്തിന്റെ കരുണ കാണിക്കേണ്ടതിന്റെയും പ്രാധാന്യം വിദ്യാർത്ഥികളുടെ മുന്നിൽ പങ്കുവെച്ച പാപ്പാ യുവജനങ്ങളോടു സുവിശേഷം അറിയിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു. എല്ലാവരെയും സ്നേഹിക്കാനും, സ്നേഹത്തിലും, സാഹോദര്യത്തിലും എല്ലാം ചെയ്യുവാനും പാപ്പാ അവരെ ക്ഷണിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.