ന്യൂഡല്‍ഹി: മോഡി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സൂറത്ത് സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ ഫയല്‍ ചെയ്യുന്നത്. സെഷന്‍സ് കോടതി മുതല്‍ സുപ്രീം കോടതി വരെ നീണ്ടേക്കാവുന്ന കേസായതിനാല്‍ സൂക്ഷ്മതയോടെയും കരുതലോടെയും ഹര്‍ജി തയാറാക്കണമെന്നാണ് നിയമ വിഭാഗത്തിന് രാഹുല്‍ നല്‍കിയ നിര്‍ദേശം.
നിയമ യുദ്ധത്തിനൊപ്പം രാഹുലിന്റെ അയോഗ്യതയ്‌ക്കെതിരെ രാഷ്ട്രീയ പോരാട്ടം ശക്തമാക്കാന്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. പ്രതിപക്ഷത്തെ ദേശീയ നേതാക്കളുടെ യോഗം ഉടന്‍ വിളിക്കും. പ്രതിപക്ഷ ഐക്യാന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ടെങ്കിലും കരുതലോടെ നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.
പ്രതിപക്ഷപാര്‍ട്ടി സഭാനേതാക്കന്മാരുടെ യോഗം വിളിക്കും പോലെ അത്ര എളുപ്പമല്ല ദേശീയ നേതാക്കളുടെ യോഗം വിളിക്കല്‍. ഏതെങ്കിലുമൊരാള്‍ എത്തിയില്ലെങ്കില്‍ പ്രതിപക്ഷ ഐക്യയോഗത്തിനെക്കാള്‍ വലിയ വാര്‍ത്ത അതാവും.
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിയമപരമായ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നിയമപരമായ പ്രശ്‌നത്തില്‍ കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയല്ല പ്രതിഷേധിക്കേണ്ടതെന്നും ഷാ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.