ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസിന് അനുമതി നല്‍കണം: വിമാന നിരക്കു വര്‍ധനയില്‍ ഇടപെടണമന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസിന് അനുമതി നല്‍കണം: വിമാന നിരക്കു വര്‍ധനയില്‍ ഇടപെടണമന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വിമാന നിരക്കു വര്‍ധനയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിമാന നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തണം. ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസ് നടത്താന്‍ കേരളത്തിന് അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗള്‍ഫില്‍ നിന്നുള്ള വിമാന നിരക്ക് കൂടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. ന്യായമായ നിരക്കില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസ് നടത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി നേടിയാല്‍ മാത്രമേ, വിദേശ, ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് അഡീഷണല്‍, ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയൂ.

2023 ഏപ്രില്‍ രണ്ടാം വാരം മുതല്‍ കേരള സര്‍ക്കാര്‍ ബുക്ക് ചെയ്യുന്ന അഡീഷണല്‍, ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് ഓപ്പറേഷനുകള്‍ക്ക് ആവശ്യമായ അനുമതികള്‍ വേഗത്തില്‍ നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കാന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ നിന്നുള്ള വിമാന യാത്രാ നിരക്കില്‍ രണ്ടുമാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനവുണ്ടായത്. ഇതു സാധാരണക്കാരായ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എയര്‍ലൈന്‍ കമ്പനികളുമായി ചര്‍ച്ച നടത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

ഫെസ്റ്റിവല്‍ സീസണുകള്‍, സ്‌കൂള്‍ അവധികള്‍ തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയാണ് പ്രവാസികള്‍ക്ക്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ പുനപരിശോധിക്കണമെന്ന കേരള സര്‍ക്കാരിന്റെയും പ്രവാസി സംഘടനകളുടെയും അഭ്യര്‍ത്ഥനകളോട് എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.