രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ അമേരിക്കയ്ക്ക് പിന്നാലെ പ്രതികരണവുമായി ജര്‍മ്മനിയും; വിമര്‍ശനവുമായി ബിജെപി

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ അമേരിക്കയ്ക്ക് പിന്നാലെ  പ്രതികരണവുമായി ജര്‍മ്മനിയും; വിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ അമേരിക്കയ്ക്ക് പിന്നാലെ പ്രതികരണവുമായി ജര്‍മ്മനിയും.

രാഹുലിന്റെ കേസില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയും പിന്നാലെയുണ്ടായ അയോഗ്യനാക്കല്‍ നടപടിയും ശ്രദ്ധിക്കുന്നുണ്ട്. കോടതി വിധിക്കെതിരെ രാഹുലിന് അപ്പീലിന് പോകാനാകുമെന്നാണ് കരുതുന്നതെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

കോടതി വിധി നിലനില്‍ക്കുമോയെന്നും രാഹുലിനെ അയോഗ്യനാക്കിയതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് അപ്പീലില്‍ വിധി വന്ന ശേഷമേ വ്യക്തമാകൂ. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങളും കേസില്‍ ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജര്‍മ്മനി പറഞ്ഞു.

ഇന്ത്യയില്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താന്‍  ഭരണാധികാരികള്‍ക്ക്‌  ബാധ്യതയുണ്ടെന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നുമായിരുന്നു അമേരിക്കയുടെ പ്രതികരണം.

എന്നാല്‍ അമേരിക്കയ്ക്ക് പിന്നാലെ ജര്‍മ്മനിയുടെ പ്രതികരണം കൂടി വന്നതോടെ ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ തേടുന്നുവെന്ന് ബിജെപി നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനമുന്നയിച്ചു.

കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരാണ് രാഹുല്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ടുവെന്ന് വിമര്‍ശനമുയര്‍ത്തിയത്. എന്നാല്‍ രാഹുല്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ തേടിയെന്ന വിമര്‍ശനം തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തെളിവ് ഹാജരാക്കാന്‍ ബിജെപിയെ വെല്ലുവിളിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു കേസ്.

സമാന കേസില്‍ പാറ്റ്ന കോടതിയില്‍ ഹാജരാകാനും രാഹുലിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 12ന് ഹാജരായി മൊഴി നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ തിയതി നീട്ടി ചോദിക്കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്.

ഏപ്രില്‍ അഞ്ചിലെ കോലാര്‍ സന്ദര്‍ശനത്തിന് മുന്‍പ് കേസില്‍ രാഹുല്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിന്‍ നടന്നു വരികയാണ്.

അതിനിടെ ഭാരത് ജോഡോ യാത്രയില്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ആവശ്യപ്പെട്ട സാവകാശം ഇന്ന് അവസാനിക്കും. പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന ശ്രീനഗര്‍ പ്രസംഗത്തിന്റെ പേരിലാണ് ഡല്‍ഹി പൊലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.