കോട്ടയം മാത്രം പോര: പത്തനംതിട്ടയും ഇടുക്കിയും കൂടി ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം നീക്കം

കോട്ടയം മാത്രം പോര: പത്തനംതിട്ടയും ഇടുക്കിയും കൂടി ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം നീക്കം

കൊച്ചി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെടാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം. പാര്‍ട്ടി എല്‍ഡിഎഫിന്റെ ഭാഗമായതിന് ശേഷമുള്ള ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പാണ് വരാന്‍ പോവുന്നത്.

പാര്‍ട്ടി പിളര്‍ന്നാണ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് എത്തിയതെങ്കിലും മുന്നണിയില്‍ വലിയ പരിഗണനയാണ് കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റിന്റെ കാര്യത്തിലും ഈ പരിണഗന ലഭിക്കുമെന്നാണ് പാര്‍ട്ടി കണക്കു കൂട്ടുന്നത്.

യുഡിഎഫില്‍ ആയിരുന്നപ്പോള്‍ കോട്ടയം സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം സ്ഥിരമായി മത്സരിച്ചുകൊണ്ടിരുന്നത്. ആ സീറ്റ് എല്‍ഡിഎഫിലും കിട്ടുമെന്ന കാര്യം ഉറപ്പാണ്. ആര് മത്സരിക്കും എന്ന് തീരുമാനിച്ചാല്‍ മതി. എന്നാല്‍ കോട്ടയത്തിന് പുറമെ ഇടുക്കി, പത്തനംതിട്ട ലോക്സഭ സീറ്റുകള്‍ കൂടി ചോദിക്കാനാണ് നീക്കം.

മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലം ഉള്‍പ്പെടുന്ന ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് അത്യാവശ്യം സ്വാധീനവുണ്ട്. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ തന്നെ ഇടുക്കി സീറ്റിനായുള്ള ശ്രമങ്ങള്‍ കേരള കോണ്‍ഗ്രസ് എം ആരംഭിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പ് മൂലം സീറ്റ് ലഭിച്ചില്ല.

ഹൈറേഞ്ചിലും ലോ റേഞ്ചിലും പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്ന വിലയിരുത്തലിലാണ് ഇടുക്കി ചോദിക്കാന്‍ മാണി ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇടുക്കി ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു.

പത്തനംതിട്ടയിലും തങ്ങള്‍ക്കുള്ള സ്വാധീനം ചൂണ്ടിക്കാട്ടിയാണ് കേരള കോണ്‍ഗ്രസ് എം ആ സീറ്റിനും അവകാശ വാദമുന്നയിക്കുന്നത്. പത്തനംതിട്ട കൂടി ചോദിച്ച് കോട്ടയത്തിന് പുറമേ ഇടുക്കി കൂടി ഉറപ്പാക്കാനാണ് ജോസ് കെ മാണിയുടെയും കൂട്ടരുടെയും ശ്രമം.

ഇടുക്കിയിലെ ജനങ്ങളുടെ നിലവിലെ ഏറ്റവും പ്രതിസന്ധിയായ അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി കോടതിയെ സമീപിച്ചതിന് പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുന്നത്.

കര്‍ഷകരായ മനുഷ്യരുടെ ജീവനും സ്വത്തുവകകളും സംരക്ഷിക്കപ്പെടുന്നതിനാണ് ആദ്യ മുന്‍ഗണന നല്‍കേണ്ടതെന്ന നിലപാടും അദ്ദേഹം മുന്നോട്ട് വെക്കുന്നു. അതേസമയം യുഡിഎഫില്‍ കോട്ടയം സീറ്റ് ഉറപ്പിക്കാനുള്ള ശ്രമം ജോസഫ് വിഭാഗവും ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.