കെന്റക്കി: അമേരിക്കയുടെ തെക്ക് കിഴക്കന്‍ സംസ്ഥാനമായ കെന്റക്കിയില്‍ രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ഒമ്പത് സൈനികര്‍ മരിച്ചു. ട്രിഗ് കൗണ്ടി മേഖലയില്‍ ഫോര്‍ട്ട് കാംബല്‍ സൈനിക താളവത്തിന് സമീപം നടത്തിയ പതിവ് പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചത്.
പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഹെലികോപ്റ്ററുകളില്‍ ഒന്നില്‍ അഞ്ച് പേരും മറ്റൊന്നില്‍ നാല് പേരുമാണ് ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കൂട്ടിയിടിച്ച ഹെലികോപ്റ്ററുകള്‍ ജനവാസ മേഖലയിലാണ് തകര്‍ന്നു വീണതെങ്കിലും പ്രദേശവാസികള്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു.
സുരക്ഷാ കാര്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന ബ്ലാക്ക് ഹോക്ക് വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. ഗതാഗതത്തിനും അടിയന്തര സാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാറുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉള്‍പ്പെടെ യുഎസ് സൈന്യം ഈ വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v