ഹൈക്കോടതി ജഡ്ജി നിയമനം: കൊളീജിയത്തില്‍ ഭിന്നത; സുപ്രീം കോടതിക്ക് നല്‍കിയത് രണ്ട് ലിസ്റ്റ്

ഹൈക്കോടതി ജഡ്ജി നിയമനം: കൊളീജിയത്തില്‍ ഭിന്നത; സുപ്രീം കോടതിക്ക് നല്‍കിയത് രണ്ട് ലിസ്റ്റ്

കൊച്ചി: ജുഡിഷ്യല്‍ ഓഫീസര്‍മാരില്‍ നിന്നുള്ള ഹൈക്കോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കൊളീജിയത്തില്‍ ഭിന്നത. പരിഗണിക്കേണ്ട പേരുകളുടെ കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്താന്‍ കൊളീജിയത്തിന് കഴിയാതിരുന്നതിനാല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് രണ്ട് പട്ടിക.

കൊളീജിയത്തിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് എസ്.വി ഭട്ടി എന്നിവര്‍ നല്‍കിയ പട്ടികയും ഇവരില്‍ രണ്ടു പേരുടെ നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ നല്‍കിയ മറ്റൊരു പട്ടികയുമാണ് സുപ്രീം കോടതി കൊളീജിയത്തിനു മുന്നിലുള്ളത്.

സുപ്രീം കോടതി കൊളീജിയം രണ്ടു പട്ടികയിലുമുള്ള പേരുകള്‍ അംഗീകരിക്കുകയോ, പുതിയ പട്ടിക നല്‍കാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യും. ഇത്തരത്തില്‍ രണ്ടു പട്ടിക സമര്‍പ്പിക്കുന്നത് അപൂര്‍വമാണ്.

ജുഡിഷ്യല്‍ ഓഫീസര്‍മാരില്‍ നിന്നുള്ള ഏഴ് ഒഴിവുകളിലേക്ക് നിയമിക്കേണ്ടവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യാന്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മാര്‍ച്ച് 17 നാണ് ഹൈക്കോടതി കൊളീജിയം യോഗം ചേര്‍ന്നത്.

ചീഫ് ജസ്റ്റിസ് മണികുമാറും ജസ്റ്റിസ് ഭട്ടിയും അംഗീകരിച്ച ലിസ്റ്റില്‍ കണ്ണൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എം.ബി സ്‌നേഹലത, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പി.ജെ വിന്‍സെന്റ്, കാസര്‍കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സി. കൃഷ്ണകുമാര്‍, കല്‍പറ്റ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജോണ്‍സണ്‍ ജോണ്‍, തലശേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജി. ഗിരീഷ്, എറണാകുളം അഡി. ജില്ലാ ജഡ്ജി സി. പ്രതീപ് കുമാര്‍, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ എന്നീ പേരുകളാണുള്ളത്.

എന്നാല്‍ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഈ ലിസ്റ്റിലുള്ള പി.ജെ വിന്‍സെന്റ്, സി. കൃഷ്ണകുമാര്‍ എന്നിവരെ ഒഴിവാക്കി. പകരം ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി ജയകുമാര്‍, മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി. സെയ്തലവി എന്നിവരെ ഉള്‍പ്പെടുത്തി. രണ്ടു പേരെ ഒഴിവാക്കാനുള്ള കാരണങ്ങളും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.