തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരം നന്ദാവനത്തെ വീട്ടിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ സാറാ തോമസ് നേടിയിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടിന് പാറ്റൂര്‍ മാര്‍ത്തോമാ പള്ളിയില്‍.
പതിനേഴ് നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. 'ജീവിതം എന്ന നദി' എന്ന ആദ്യനോവല്‍ 34-ാം വയസിലാണ് പുറത്തിറങ്ങിയത്. സാറാ തോമസിന്റെ 'മുറിപ്പാടുകള്‍' എന്ന നോവല്‍ പി.എ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കിയിരുന്നു. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളില്‍ പുരസ്‌കാരം നേടി. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.
മധ്യവര്‍ഗ കേരളീയ പശ്ചാത്തലത്തില്‍ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ കൃതികള്‍ ശ്രദ്ധേയങ്ങളാണ്. 'നാര്‍മടിപ്പുടവ' എന്ന നോവലില്‍ തമിഴ് ബ്രാഹ്മണരുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. 'ദൈവമക്കള്‍' എന്ന നോവലില്‍ മതപരിവര്‍ത്തനം ചെയ്ത അധസ്തിത വര്‍ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.
ഭര്‍ത്താവ് ഡോ. തോമസ് സക്കറിയയെ കാണാന്‍ വീട്ടിലെത്തുന്ന രോഗികളില്‍ നിന്നാണ് സാറയുടെ ജീവിതനിരീക്ഷണവും കഥാപാത്ര രൂപീകരണവും ആരംഭിച്ചത്. ദൈവമക്കള്‍, മുറിപ്പാടുകള്‍, വേലക്കാര്‍ തുടങ്ങി വായനക്കാര്‍ ഓര്‍ത്തുവയ്ക്കുന്ന കുറെ കൃതികള്‍ പിന്നീട് അവരുടേതായി ഉണ്ടായി. നാര്‍മടിപ്പുടവയ്ക്കും സമഗ്ര സംഭാവനയ്ക്കുമായി രണ്ടുതവണ സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു.
സ്വന്തം എഴുത്തിനെക്കുറിച്ച് സാറാ തോമസ് പറഞ്ഞതിങ്ങനെ- ''ദലിത് എഴുത്തുകാരി എന്നോ പെണ്ണെഴുത്തുകാരി എന്നോ എന്നെ വേര്‍തിരിക്കുന്നതിനോടു താല്‍പ്പര്യമില്ല. ഞാന്‍ എഴുത്തിലെ ജനറല്‍ സര്‍ജനാണ്. സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം. എന്നാല്‍, 'സ്‌പെഷലിസ്റ്റു'കളോട് എനിക്ക് വിരോധവുമില്ല. എല്ലാം വേണം. ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാന്‍. വെട്ടിയൊതുക്കിയ ചിറകുകളുമായാണ് ഞാന്‍ വളര്‍ന്നത്. കുടുംബിനിയായി നിന്നേ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാം സ്ഥാനമാണ് കൊടുത്തത്. അതിന്റെ കോട്ടം എന്റെ എഴുത്തിലുണ്ട് എന്ന് ആരെക്കാളും നന്നായി എനിക്കറിയാം. വീട്ടില്‍ എല്ലാവരും ഉറങ്ങിയ ശേഷമാണ് എഴുതിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് പോലും. എന്നാല്‍, ഒട്ടും സങ്കടമില്ല. ഒരു ജീവിതത്തില്‍ എല്ലാം കിട്ടില്ലല്ലോ. പക്ഷേ, ചെറുപ്പത്തില്‍ അനുഭവിച്ച അസ്വാതന്ത്ര്യത്തെക്കുറിച്ചോര്‍ത്ത് പിന്നീട് ദുഖം തോന്നിയിട്ടുണ്ട്.'' എന്നും അവര്‍ തുറന്ന് പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.