ഐപിഎല്‍ സീസണ് തുടക്കം; ആദ്യ മത്സരം ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംങ്‌സും തമ്മില്‍

ഐപിഎല്‍ സീസണ് തുടക്കം; ആദ്യ മത്സരം ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംങ്‌സും തമ്മില്‍

മുംബൈ: ഐപിഎല്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ സീസണിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംങ്‌സിനെ നേരിടും. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

ഗുജറാത്ത് ജയന്റ്‌സില്‍ ഡേവിഡ് മില്ലര്‍ ഈ കളി കളിക്കില്ല. അയര്‍ലന്‍ഡ് പേസര്‍ ജോഷ്വ ലിറ്റില്‍ ഏപ്രില്‍ 28 വരെയും ടീമിലുണ്ടാവില്ല. ഇരു താരങ്ങളും രാജ്യാന്തര മത്സരങ്ങളില്‍ തിരക്കിലാണ്. കഴിഞ്ഞ സീസണില്‍ അസ്ഥിരമായിക്കിടന്ന മൂന്നാം നമ്പറിലേക്ക് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ കെയിന്‍ വില്ല്യംസണ്‍ എത്തുന്നതാണ് ഗുജറാത്ത് ഫ്രാഞ്ചൈസിയുടെ ഹൈലൈറ്റ്.

ശുഭ്മന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ/സായ് സുദര്‍ശന്‍, കെയിന്‍ വില്ല്യംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍/ശ്രീകര്‍ ഭരത്/അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍ എന്നാവും ബാറ്റിങ് ഓപ്ഷനുകള്‍. അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, ശിവം മവി/യാഷ് ദയാല്‍/പ്രദീപ് സാങ്ങ്വാന്‍ എന്നിവരാവും സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍.

ഹാര്‍ദികില്‍ ഓള്‍റൗണ്ടര്‍ ഓപ്ഷനുണ്ട്. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരില്‍ ഒരാള്‍ക്ക് പകരം ഓള്‍റൗണ്ടര്‍ ഒഡീന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി ബാറ്റിംഗ് ശക്തമാക്കാനിടയുണ്ട്. റാഷിദും തെവാട്ടിയയും സ്പിന്‍ ചോയിസാണ്. ഇംപാക്ട് പ്ലയര്‍ നിയമം ഉള്ളതിനാല്‍ ഈ ഇക്വേഷനുകള്‍ മാറിമറിഞ്ഞേക്കാം. മില്ലര്‍ തിരികെയെത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ മില്ലറെത്തും.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരിഗണിക്കുമ്പോള്‍ ശ്രീലങ്കന്‍ താരങ്ങളായ മഹീഷ് തീക്ഷണയും മതീഷ പതിരനയും ആദ്യ മൂന്ന് മത്സരങ്ങള്‍ കളിക്കില്ല. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ബെന്‍ സ്റ്റോക്‌സ് ടീമിലെത്തിയെന്നതാണ് ടീമിലെ ഹൈലൈറ്റ്.

ടീം ബാലന്‍സ് മെച്ചപ്പെടുന്നതിനൊപ്പം ഭാവി ക്യാപ്റ്റന്‍ ചോയിസ് കൂടിയാണ് ബെന്‍ സ്റ്റോക്‌സിനെ ടീമിലെത്തിച്ചതുവഴി ചെന്നൈ സുരക്ഷിതമാക്കിയത്. ഡെവോണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു/അജിങ്ക്യ രഹാനെ, മൊയീന്‍ അലി, ബെന്‍ സ്റ്റോക്‌സ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, എംഎസ് ധോണി, ഡ്വെയിന്‍ പ്രിട്ടോറിയസ്/സിസാന്‍ഡ മഗാല, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരാണ് ബാറ്റിങ് ഓപ്ഷനുകള്‍. ദീപക് ചഹാര്‍, സിമര്‍ജീത് സിംഗ് എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരാവും. സാന്റ്‌നര്‍, ജഡേജ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓപ്ഷനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.