രസികന്‍ തെരഞ്ഞെടുപ്പ് പ്രചരണഗാനവുമായി കുഞ്ചാക്കോ ബോബന്‍; വീഡിയോ പങ്കുവെച്ച് രമേഷ് പിഷാരടിയും

രസികന്‍ തെരഞ്ഞെടുപ്പ് പ്രചരണഗാനവുമായി കുഞ്ചാക്കോ ബോബന്‍; വീഡിയോ പങ്കുവെച്ച് രമേഷ് പിഷാരടിയും

 തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിലാണ് കേരളം. നാടാകെ തെരഞ്ഞെടുപ്പ് ആവേശം ചൂടുപിടിക്കുമ്പോള്‍ ആ ആവേശത്തിന്റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളിലും വേണ്ടുവോളം പ്രതിഫലിക്കുന്നുണ്ട്. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെങ്കിലും ശ്രദ്ധ നേടുന്നത് ഒരു തെരഞ്ഞെടുപ്പ് പ്രചരണ ഗാനമാണ്. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനാണ് ഗാനം ആലപിക്കുന്നത്. വീഡിയോ പങ്കുവെച്ചതാകട്ടെ രമേഷ് പിഷാരടിയും.

ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി രമേഷ് പിഷാരടി സംവിധാനം നിര്‍വഹിച്ച പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഈ പാട്ടു വീഡിയോ. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. അതേസമയം ഈ പാട്ടു വീഡിയോയ്ക്ക് രമേഷ് പിഷാരടി നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ് കൂടുതല്‍ രസകരം. 'വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം, ഭരണഘടന അത് അനുവദിക്കുന്നുണ്ട്.... എന്ന ക്യാപ്ഷനാണ് പാട്ടുവീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.

നിരവധിപ്പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. സിനിമയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും വേണ്ടുവോളം ചിരി നിറയ്ക്കുന്ന താരമാണ് രമേഷ് പിഷാരടി. പലപ്പോഴും അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധ നേടാറുമുണ്ട്. രസകരമായ അടിക്കുറിപ്പുകളാണ് രമേഷ് പിഷാരടിയുടെ സോഷ്യല്‍മീഡിയ പോസ്റ്റുകളിലെ പ്രധാന ആകര്‍ഷണം.

അതേസമയം കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് നിഴല്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നയന്‍താരയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികാ കഥാപാത്രമായെത്തുന്നത്. ഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നിഴല്‍ എന്ന സിനിമയ്ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.