കര്‍ണാടകയില്‍ കൂടുമാറ്റം തുടരുന്നു: ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചു; ഇരുവരും കോണ്‍ഗ്രസില്‍ ചേരും

കര്‍ണാടകയില്‍ കൂടുമാറ്റം തുടരുന്നു: ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചു; ഇരുവരും കോണ്‍ഗ്രസില്‍ ചേരും

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി തുടരുന്നു. ബിജെപി എംഎല്‍എ എന്‍.വൈ. ഗോപാലകൃഷ്ണയും ജെഡിഎസ് എംഎല്‍എ എ.ടി. രാമസ്വാമിയും രാജിവച്ചു. ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അഭ്യൂഹം.

വിജയനഗര ജില്ലയിലെ കുഡ്ലിഗി എംഎല്‍എയായ ഗോപാലകൃഷ്ണ അടുത്തിടെ കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറുമായും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായും ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് ഗോപാലകൃഷ്ണ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കാഗേരിക്ക് രാജിക്കത്ത് നല്‍കിയത്.

മുമ്പ് കോണ്‍ഗ്രസിലായിരുന്ന ഗോപാലകൃഷ്ണ മൊളകല്‍മുരു മണ്ഡലത്തില്‍നിന്ന് നാലുതവണ എംഎല്‍എയായിട്ടുണ്ട്. പിന്നീട് സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് വിജയനഗര ജില്ലയിലെ കുഡ്ലിഗിയില്‍ മത്സരിച്ച് ജയിച്ചു.

ഹാസന്‍ ജില്ലയിലെ അര്‍ക്കല്‍ഗുഡ് മണ്ഡലത്തില്‍നിന്ന് നാലുതവണ എംഎല്‍എയായ എ.ടി. രാമസ്വാമി ജെഡിഎസില്‍നിന്ന് രാജിവെച്ചെങ്കിലും ഏതുപാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ക്ഷണമുണ്ടെന്നും ഭാവികാര്യം പിന്നീട് തീരുമാനിക്കുമെന്നും രാമസ്വാമി പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ ജെഡിഎസില്‍നിന്ന് രാജിവെച്ച രണ്ടാമത്തെ എംഎല്‍എയാണ് രാമസ്വാമി. കഴിഞ്ഞ തിങ്കളാഴ്ച എസ്.ആര്‍. ശ്രീനിവാസ് രാജിവെച്ച്് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

കുറച്ചുദിവസങ്ങള്‍ക്കിടെ ബിജെപിയില്‍ നിന്ന് ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്. ബിജെപി എംഎല്‍സിമാരായ പുട്ടണ്ണ, ബാബുറാവു ചിഞ്ചനസൂര്‍ എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപി മുന്‍ എംപി മഞ്ജുനാഥ് കുന്നുര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതും അടുത്തിടെയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.