അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമം; കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ ചതുപ്പില്‍ മരിച്ചനിലയില്‍

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമം; കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ ചതുപ്പില്‍ മരിച്ചനിലയില്‍

ഒട്ടാവ: കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച എട്ട് പേരെ അതിര്‍ത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ സെന്റ് ലോറന്‍സ് നദിയുടെ തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജരും റൊമാനിയന്‍ വംശജരുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ട് കുട്ടികളടക്കം എട്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കാനഡ-യുഎസ് അതിര്‍ത്തിക്ക് സമീപം ചതുപ്പില്‍ മറിഞ്ഞ നിലയില്‍ കാണപ്പെട്ട ബോട്ടിന് സമീപത്താണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നതെന്ന് പോലീസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ബോട്ടില്‍ നിന്നും റൊമാനിയന്‍ കുടുംബത്തിലെ കുഞ്ഞിന്റെ പാസ്‌പോര്‍ട്ട് കിട്ടിയെന്നും കുഞ്ഞിനായി തെരച്ചില്‍ നടക്കുന്നുവെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ബോട്ട് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ബോട്ടിന്റെ അടിഭാഗം പാറയില്‍ തട്ടിയാണു മറിഞ്ഞതെന്നാണു നിഗമനം.

ആറു പേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന ബോട്ടിനടുത്തു ചതുപ്പില്‍നിന്നു വ്യാഴാഴ്ച വൈകിട്ടു കണ്ടെടുത്തിരുന്നു. ഈ ബോട്ട് കാണാതായ കേസി ഓക്‌സ് എന്നയാളുടെ പേരിലുള്ളതാണ്. മുപ്പതുകാരനായ ഓക്‌സിനുവേണ്ടി അന്വേഷണം തുടരുകയാണെന്ന് അക്വെസാസ്‌നെ മൊഹൗക് പോലീസ് മേധാവി ഷോണ്‍ ഡുലൂഡ് പറഞ്ഞു.

മരിച്ചവരില്‍ ആറ് പേര്‍ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മരണപ്പെട്ടവരില്‍ ഒരാള്‍ റൊമാനിയന്‍ വംശജനും മറ്റൊരാള്‍ ഇന്ത്യന്‍ പൗരനുമാണ്. മരിച്ച കുട്ടികളില്‍ ഒരാള്‍ക്ക് മൂന്ന് വയസില്‍ താഴെയാണ് പ്രായം. പ്രദേശത്ത് വ്യോമസേന നടത്തിയ തെരച്ചിലിലാണ് അപകടത്തില്‍പെട്ട ബോട്ട് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറ് മൃതദേഹങ്ങളും കണ്ടെത്തി. പിന്നീട് വിശദമായ പരിശോധനയിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കുടിയേറ്റക്കാരുടെ മരണം വേദനാജനകമാണെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം പങ്കു ചേരുന്നുവെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.