ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോഡിയുടെ ബിരുദ വിവരങ്ങള്‍ കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളില്‍ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആര്‍ക്കും വിഢിയാക്കാമെന്നും കെജരിവാള്‍ പരിഹസിച്ചു.
വിധി ജനങ്ങളില്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് നിരവധി സംശയങ്ങളുണ്ടാക്കുന്നു. ബിരുദം ശരിയാണെങ്കില്‍ എന്തുകൊണ്ട് അത് പരസ്യമാക്കുന്നില്ലെന്നും അരവിന്ദ് കെജരിവാള്‍ ചോദിച്ചു. വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ആയത് ഒരു കുറ്റമല്ലെന്ന് പറഞ്ഞ കെജ്രിവാള്‍ കോടതി വിധി ഞെട്ടിച്ചെന്നും വ്യക്തമാക്കി.
മോഡിയുടെ ബിരുദ വിവരങ്ങള്‍ കൈമാറേണ്ടെന്നാണ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. വിവരങ്ങള്‍ അരവിന്ദ് കെജരിവാളിന് കൈമാറണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കോടതി റദ്ദാക്കുകയായിരുന്നു. കേസിലെ അപേക്ഷകനായ കെജരിവാളിന് കോടതി പിഴയും വിധിച്ചിരുന്നു.
2016 ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നരേന്ദ്ര മോഡിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങള്‍ അപേക്ഷകനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൈമാറാന്‍ ഉത്തരവിട്ടത്. ഗുജറാത്ത് സര്‍വകലാശാലയ്ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ സര്‍വകലാശാലയുടെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവെന്ന് കാട്ടി ഗുജറാത്ത് സര്‍വകലാശാല ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ അപ്പീലിലാണ് ഹൈക്കോടതി സിംഗള്‍ ബെഞ്ച് ഉത്തരവ് വന്നത്.
ബിരുദം സംബന്ധിച്ച വിശദശാംശങ്ങള്‍ കൈമാറണമെന്ന് നിര്‍ബന്ധിക്കാന്‍ വിവരാവകാശ കമ്മീഷന് ആവില്ല, വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും സര്‍വകലാശാല വാദിച്ചു. ഈ വാദം ശരിവെച്ചാണ് വിശദാംശങ്ങള്‍ കൈമാറേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ഉത്തരവിറക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v