മാനന്തവാടി: വനം-വന്യജീവി പ്രശ്‌നത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാര നിര്‍ദേശങ്ങളും നിയമ സാധ്യതകളും ഉള്‍കൊള്ളിച്ചുള്ള നയരേഖ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പ്രകാശനം ചെയ്തു. സഹായമെത്രാന്‍ ബിഷപ്പ് മാര്‍ അലക്‌സ് താരാമംഗലം, മോണ്‍.പോള്‍ മുണ്ടോളിക്കല്‍, മോണ്‍. തോമസ് മണക്കുന്നേല്‍, ഫാ. ജോസ് കൊച്ചറക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു അബ്രഹാം മേച്ചേരില്‍, ജോസ് പുഞ്ചയില്‍, ജോസ് പള്ളത്ത്, ഫാ. നോബിള്‍ തോമസ് പാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്നതും നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നതുമായ കാര്യങ്ങള്‍ വിശദമായി ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. കാലാനുസൃതമായി കേന്ദ്ര വനം-വന്യജീവി നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളും നയരേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഭരണഘടന, പൗരാവകാശങ്ങള്‍, വനം-വന്യജീവി നിയമങ്ങള്‍, പരിസ്ഥിതി നിയമങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി നിയമ വിദ്ഗധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തിയ പഠനശിബിരത്തിന്റെ അടിസ്ഥാനത്തിലാണ് നയരേഖ തയാറാക്കിയിട്ടുള്ളത്.
സംസ്ഥാന ബാങ്കിംഗ് അവലോകന സമിതി തയാറാക്കുന്ന സ്‌കയില്‍ ഓഫ് ഫിനാന്‍സ് അടിസ്ഥാനപ്പെടുത്തി നഷ്ടപരിഹാരം അനുവദിക്കുക, കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഫോറസ്റ്റ് ട്രിബ്യൂണലുകള്‍ ആരംഭിക്കുക, വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങള്‍ കേന്ദീകരിച്ച് ഫോറസ്റ്റ് - പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുക, തുടങ്ങി അറുപതോളം നിര്‍ദേശങ്ങളും ഇരുപത്തിയെട്ടോളം നിയമ സാധ്യതകളും അക്കമിട്ട് അവതരിപ്പിച്ചിട്ടുണ്ട്.
നയരേഖയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ രൂപത തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26