ഇന്ന് അന്താരാഷ്ട്ര ഓട്ടിസം ബോധവത്കരണ ദിനം: കൊച്ചിക്കാരി ഷെറിന്‍ മേരി സക്കറിയയുടെ കവിത യു.എന്നില്‍

ഇന്ന് അന്താരാഷ്ട്ര ഓട്ടിസം ബോധവത്കരണ ദിനം: കൊച്ചിക്കാരി ഷെറിന്‍ മേരി സക്കറിയയുടെ കവിത  യു.എന്നില്‍

കൊച്ചി: ഇന്ന് അന്താരാഷ്ട്ര ഓട്ടിസം ബോധവത്കരണ ദിനം. ഐക്യരാഷ്ട്ര സഭയുടെ ഇന്നത്തെ ഓട്ടിസം ദിനാചരണ ചടങ്ങില്‍ മലയാളിയായ ഷെറിന്‍ മേരി സക്കറിയയുടെ ഇംഗ്ലീഷ് കവിത 'അണ്‍ സംഗ് സ്റ്റാന്‍സ' യു.എന്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കും.

കൊച്ചിയില്‍ താമസിക്കുന്ന ഓട്ടിസം ബാധിതയായ, സംസാര ശേഷിയില്ലാത്ത ഈ ഇരുപത്തൊന്നുകാരിയുടെ കവിത അനുജത്തി ശ്രേയ ചൊല്ലുന്ന വീഡിയോയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുക.

സംസാരിക്കാന്‍ പറ്റാത്ത തന്റെ സാഹചര്യം വാക്കുകളാക്കി കുറിക്കുകയാണെന്നും പേനയാണ് തന്റെ ആയുധമെന്നുമാണ് ആദ്യ വരികള്‍. കവിത ഐക്യരാഷ്ട്ര സഭയുടെ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തും.

ലോകാരോഗ്യ സംഘടന വഴിയാണ് ഐക്യരാഷ്ട്രസഭ ലോക ഓട്ടിസം ദിനം ആചരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോ ഡൈവേഴ്സിറ്റി വഴി ചെന്നൈയിലെ ഓള്‍ ഇന്‍ക്ലൂസിവ് ഫൗണ്ടേഷന്‍ മുഖേനയാണ് ഷെറിന് അവസരം ലഭിച്ചത്.

ഇന്ത്യന്‍ സമയം വൈകുന്നേരം 7.30ന് കലയും സാഹിത്യവും വിഭാഗത്തിലാണ് ഷെറിന്‍ മേരിയുടെ കവിത പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തിലുള്ള മറ്റ് മൂന്നുപേര്‍ അമേരിക്കയിലും ഒരാള്‍ ബ്രിട്ടനില്‍ നിന്നുമാണ്.

ഷെറിന് എഴുത്തില്‍ കമ്പം മൂത്തതോടെ 14 വയസിനുശേഷം സ്പെഷ്യല്‍ സ്‌കൂളില്‍നിന്ന് പഠനം വീട്ടിലേക്ക് മാറ്റി. അധ്യാപികയായിരുന്ന അമ്മ സംഗീതയാണ് പിന്‍ബലം. നെറ്റ് ബുക്കിലായിരുന്നു ഇംഗ്ലീഷ് രചനകള്‍. ലോകമെമ്പാടും വായനക്കാരുള്ള മ്യൂസിംഗ്‌സ് ഓഫ് ഷെയര്‍.ഇന്‍ എന്ന ബ്ലോഗിലും രചനകളുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഓട്ടിസം മാര്‍വല്‍ പുരസ്‌കാരം ലഭിച്ച ഒരേയൊരു മലയാളിയായ ഷെറിന്‍ കോമണ്‍വെല്‍ത്ത് യൂത്ത് കൗണ്‍സില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടത്തിയ കവിതാ രചനാ മത്സരത്തില്‍ ഏഷ്യയിലെ ഒന്നാം സ്ഥാനക്കാരിയുമാണ്. അച്ഛന്‍ സക്കറിയ എന്‍ജിനിയറാണ്. അനുജത്തി ശ്രേയ എളമക്കര ഭവന്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.