അപകീര്‍ത്തിക്കേസ്: സൂറത്ത് കോടതിയില്‍ നേരിട്ട് ഹാജരാകാനൊരുങ്ങി രാഹുല്‍ ഗാന്ധി; നാളെ അപ്പീല്‍ നല്‍കും

അപകീര്‍ത്തിക്കേസ്: സൂറത്ത് കോടതിയില്‍ നേരിട്ട് ഹാജരാകാനൊരുങ്ങി രാഹുല്‍ ഗാന്ധി; നാളെ അപ്പീല്‍ നല്‍കും

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കപ്പെടുകയും രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും. ഗുജറാത്തിലെ സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകുമെന്നാണ് വിവരം.

തന്നെ ശിക്ഷിച്ച മജിസ്ട്രേറ്റ് ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ രാഹുല്‍ സെഷന്‍സ് കോടതിയോട് ആവശ്യപ്പെടുന്നു. കേസ് തീര്‍പ്പാക്കുന്നതുവരെ ശിക്ഷയ്ക്ക് ഇടക്കാല സ്റ്റേ നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.

2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ വെച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. മോഡിയെന്ന പേര് കള്ളന്മാര്‍ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ ബിജെപിഎംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോഡിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

രാഹുലിന്റെ പരാമര്‍ശം മോഡി എന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടു വര്‍ഷം തടവുശിക്ഷയും 15000 രൂപ പിഴയും വിധിച്ചു. അപ്പീല്‍ നല്‍കാനായി 30 ദിവസത്തെ സാവകാശവും കോടതി നല്‍കിയിരുന്നു.

ശിക്ഷാ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്യുകയോ അപ്പീലില്‍ അനുകൂല വിധി നല്‍കുകയോ വിധി റദ്ദാക്കിയില്ലെങ്കിലും ശിക്ഷ രണ്ട് വര്‍ഷത്തില്‍ കുറയ്ക്കുകയോ ചെയ്താല്‍ രാഹുലിന്റെ അയോഗ്യത ഒഴിവാകും.

രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദായെങ്കിലും തല്‍കാലം വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നും രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്‍കാന്‍ വിചാരണക്കോടതി 30 ദിവസത്തെ സമയം നല്‍കിയതിനാല്‍ അതുവരെ കാത്തിരിക്കുമെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വിശദീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.