പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് വിചാരണക്കോടതി വിധി പറയും. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി താലൂക്കിലെ ചിണ്ടേക്കി കടുകുമണ്ണ പഴയൂരിലെ മുപ്പത് വയസുകാരനായ മധു ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകവെ മരണപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്.
കേസില്‍ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തില്‍ നടന്നത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ മധുവിന്റെ ബന്ധുവടക്കം 24 പേര്‍ കൂറ് മാറി. രഹസ്യമൊഴി നല്‍കിയവര്‍ വരെ കൂറുമാറി. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി.
വിചാരണയ്ക്കിടെ രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിന് മേല്‍ തെളിവ് മൂല്യത്തര്‍ക്കം ഉണ്ടായി. ഒടുവില്‍ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.
2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതി കേസിന്റെ വിചാരണ തുടങ്ങിയത്. സാക്ഷി വിസ്താരം തുടങ്ങി 11 മാസംകൊണ്ട് 185 സിറ്റിങ്ങോടെ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ് കുമാര്‍ ഇന്ന് വിധി പ്രസ്താവം നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.