പ്രതിപക്ഷ കക്ഷികളെ ഒരേ വേദിയിലെത്തിച്ച് സ്റ്റാലിന്‍; ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ആഹ്വാനം

പ്രതിപക്ഷ കക്ഷികളെ ഒരേ വേദിയിലെത്തിച്ച് സ്റ്റാലിന്‍; ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ആഹ്വാനം

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒരേ വേദിയിലെത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സ്റ്റാലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചത്.

ബിജെപി സര്‍ക്കാരിന് കീഴില്‍ ബിജെപിയിതര സംസ്ഥാനങ്ങള്‍ നേരിടുന്ന സാമൂഹിക നീതി നിഷേധത്തിന് എതിരായ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഡിഎംകെ യോഗം വിളിച്ചത്. വിവിധ പ്രതിപക്ഷ കക്ഷികളെ പ്രതിനിധീകരിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഝാര്‍ഘണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളായ ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, ഇ.ടി. മുഹമ്മദ് ബഷീര്‍, സീതാറാം യെച്ചൂരി, ഡി.രാജ, വൈക്കോ തുടങ്ങിയവരും പങ്കെടുത്തു.

ഇതൊരു രാഷ്ട്രീയ കൂട്ടായ്മയാണെന്ന് തന്നെ പറയണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി  യോഗത്തില്‍ പങ്കെടുത്ത ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ബിജെപിയെ തുറന്ന് എതിര്‍ക്കേണ്ട രാഷ്ട്രീയ സന്ദര്‍ഭമാണിത്. ബിജു ജനതാദളും വൈഎസ്ആര്‍ കോണ്‍ഗ്രസും ആ നിലപാടിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട അനിവാര്യതയെപ്പറ്റി സിപിഎമ്മിന് വേണ്ടി സീതാറാം യെച്ചൂരിയും സിപിഐക്കുവേണ്ടി ഡി.രാജയും സംസാരിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായല്ല യോഗം വിളിച്ചതെന്നാണ് ഡിഎംകെയുടെ വിശദീകരണം. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെന്ന സന്ദേശമാണ് പ്രതിപക്ഷ കക്ഷികളെയെല്ലാം വിളിച്ചുകൂട്ടിയ യോഗത്തിലൂടെ സ്റ്റാലിന്‍ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.