'കാമുകിയെ മറ്റാരെങ്കിലും വിവാഹം കഴിക്കും': കൊലക്കേസ് പ്രതിക്ക് കല്യാണം കഴിക്കാന്‍ പരോള്‍; ഇത് അസാധാരണ സാഹചര്യമെന്ന് കോടതി

'കാമുകിയെ മറ്റാരെങ്കിലും വിവാഹം കഴിക്കും': കൊലക്കേസ് പ്രതിക്ക് കല്യാണം കഴിക്കാന്‍ പരോള്‍;  ഇത് അസാധാരണ സാഹചര്യമെന്ന് കോടതി

ബംഗളുരു: കൊലക്കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന യുവാവിന് വിവാഹം കഴിക്കാന്‍ പരോള്‍ അനുവദിച്ച് കോടതി.

ഒമ്പത് വര്‍ഷമായി പ്രണയിക്കുന്ന കാമുകിയെ വിവാഹം കഴിക്കാനാണ് യുവാവിന് കര്‍ണാടക ഹൈക്കോടതി 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. ഇത് അസാധാരണ സാഹചര്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എം. നാഗപ്രസന്ന പരോള്‍ അനുവദിച്ചത്.

കൊലപാതകക്കേസില്‍ 10 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ആനന്ദിനാണ് വിവാഹം കഴിക്കാന്‍ കോടതി പരോള്‍ നല്‍കിയത്. ആനന്ദിന്റെ മാതാവ് രത്‌നമ്മയും കാമുകി നീതയും യുവാവിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

ആനന്ദിന് പരോള്‍ കിട്ടിയില്ലെങ്കില്‍ തന്നെ വീട്ടുകാര്‍ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു നല്‍കുമെന്ന് കാമുകി കോടതിയെ അറിയിച്ചു. വിവാഹത്തിന് പരോള്‍ നല്‍കുന്നത് ചട്ടത്തിലില്ലാത്ത കാര്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ജയില്‍ മാനുവല്‍ അനുസരിച്ച് അസാധാരണ സാഹചര്യങ്ങളില്‍ പരോള്‍ നല്‍കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് അസാധാരണ സാഹചര്യമാണെന്നും കോടതി വിലയിരുത്തി.

കേസില്‍ ആനന്ദിന് ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. പിന്നീട് ഇത് 10 വര്‍ഷമായി കുറച്ചു. നിലവില്‍ അറ് വര്‍ഷത്തെ ശിക്ഷ ഇയാള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.