തൃശൂര്‍: പാഴ്‌സല്‍ അയച്ച ബൈക്കില്‍ നിന്ന് ഊറ്റിയെടുത്ത പെട്രോളുമായി ട്രെയിനില്‍ കയറിയ യുവാവ് പുലിവാല് പിടിച്ചു. കര്‍ശന പരിശോധനയില്‍ ബാഗില്‍ നിന്ന് പെട്രോള്‍ കണ്ടെടുത്തതോടെ പൊലീസുകാരുടെ എണ്ണവും ചോദ്യം ചെയ്യലിന്റെ രീതിയും മാറി. പിന്നെ മണിക്കൂറുകളോളം കൊടും കുറ്റവാളിയോടെന്നപോലെയായി പൊലീസിന്റെ പെരുമാറ്റം.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് പാഴ്‌സല്‍ അയച്ച ശേഷം അതേ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനായി കയറിയ കോട്ടയം സ്വദേശി ആര്‍പ്പൂക്കര പണിക്കരോടത്ത് സേവ്യര്‍ വര്‍ഗീസിനാണ് (24) ഈ ദുരനുഭവം.
കഴിഞ്ഞ ദിവസം കോഴിക്കോട് എലത്തൂരില്‍ ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ക്ക് മേല്‍ പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവം 'കത്തി' നില്‍ക്കെയാണ് സമാനമായി രണ്ട് കുപ്പി പെട്രോളുമായി സേവ്യര്‍ ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് ട്രെയിനില്‍ പ്രവേശിച്ചത്. സംശയം തോന്നിയ റെയില്‍വേ പോലീസ് യുവാവിന്റെ ബാഗ് പരിശോധിക്കുകയായിരുന്നു. രണ്ട് കുപ്പികളിലായി രണ്ടര ലിറ്ററോളം പെട്രോള്‍ പൊലീസ് കണ്ടെടുത്തു.
പിന്നീട് കൊടും കുറ്റവാളിയോടെന്ന പോലെ പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തിരിച്ചും മറിച്ചും ചോദ്യങ്ങളുയര്‍ന്നു. ബംഗളൂരുവില്‍ ബേക്കറി ജീവനക്കാരനാണെന്നും കോട്ടയത്തേക്ക് ബൈക്ക് പാര്‍സലായി അയക്കുമ്പോള്‍ ഇന്ധനം പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് ഊറ്റിയെടുത്ത് കുപ്പിയില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. കോട്ടയത്തെത്തിയ ശേഷം പെട്രോള്‍ ബൈക്കിലൊഴിച്ച് വീട്ടില്‍ പോകാമെന്നാണ് കരുതിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
ഹെല്‍മറ്റും ബൈക്ക് പാഴ്‌സല്‍ ചെയ്തതിന്റെ രേഖകളും തെളിവായി പോലീസിനെ കാണിച്ചു. ഏറെനേരം ചോദ്യംചെയ്ത ശേഷം പെട്രോള്‍ കൈവശം വെച്ച് ട്രെയിനില്‍ യാത്രചെയ്ത് അപകട സാധ്യതയുണ്ടാക്കിയെന്ന കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തു. പിന്നീട് പെട്രോള്‍ വാങ്ങിവച്ച ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.